പമ്പ് ഹൗസ് തകര്‍ന്നിട്ട് ആറുമാസം വിളമ്പുകണ്ടത്ത് കുടിവെള്ള ക്ഷാമം രൂക്ഷം
വിളമ്പുകണ്ടം: 1500ലേറെ കുടുംബങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന കൈപ്പാട്ടുകുന്നിലെ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്ഹൗസ് തകര്‍ന്നു വീണിട്ട് ആറുമാസം പിന്നിട്ടു.
പുഴയോട് ചേര്‍ന്നു നിര്‍മിച്ച പമ്പ് ഹൗസിന്റെ മുകള്‍ ഭാഗമാണ് ഈ വര്‍ഷം ആരംഭത്തിലെ മഴയില്‍ ഇടിഞ്ഞു പൊളിഞ്ഞു വീണത്. പുഴയില്‍ നിന്ന് ഉയര്‍ത്തിയ പില്ലറിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. താഴ്ഭാഗത്ത് അശാസ്ത്രീയമായി മണ്ണെടുത്ത കുഴികള്‍ കാരണമാണ് പമ്പ് ഹൗസ് നിലം പൊത്താന്‍ കാരണം. പനമരം പഞ്ചായത്തിലെ നീരട്ടാടി, കൈപ്പാട്ടുകുന്ന്, വിളമ്പുകണ്ടം, മലങ്കര, ഏച്ചോം, പള്ളിക്കുന്ന്, ചുണ്ടക്കുന്ന്, പെരേറ്റക്കുന്ന്, പന്തലാടി, ചുണ്ടക്കര, അരിഞ്ചേര്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി 1982 മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ആരംഭിച്ചതാണ് ഈ ശുദ്ധജല വിതരണ പദ്ധതി. കഴിഞ്ഞ ആഴ്ചകളില്‍ ജില്ലയിലുണ്ടായ രൂക്ഷമായ പ്രളയത്തിന് ശേഷമുണ്ടായ അത്യുഷ്ണ കാലാവസ്ഥയില്‍ ഈ പ്രദേശത്ത് വെള്ളക്ഷാമം അനുഭവപ്പെടുകയാണ്. ഈ കുടിവെള്ള വിതരണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആദിവാസികളടക്കമുള്ള വലിയൊരു ജനവിഭാഗം ഇന്ന് കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. പരാതിയുമായി സമീപിക്കുമ്പോള്‍ വന്‍കിട പദ്ധതിയാണ് വരാന്‍ പോകുന്നത് അതാണ് കാലതാമസത്തിന് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."