ബാലഭാസ്‌കറിന്റെ മരണം അപകട മരണമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു; കലാഭവന്‍ സോബി
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റേത് അപകട മരണമല്ലന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. എവിടെ വേണമെങ്കിലും മൊഴി നല്‍കാന്‍ തയാറാണെന്നും ഭീഷണിയുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സോബി പറഞ്ഞു . അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി ഇന്നലെ വെളിപ്പെടുത്തിയത്.
അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യുന്നത് വൈകും. സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തതിന് ശേഷമേ ഇയാളെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാന്‍ കഴിയൂ
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും സംശയമുണ്ടാക്കിയെന്നായിരുന്നു സോബി വെളിപ്പെടുത്തിയിരുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത സൂചിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കോതമംഗലം സ്വദേശിയായ സോബി ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയത്. അപകടം നടന്ന സമയത്ത് തിരുനെല്‍വേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയില്‍ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ ബൈക്കില്‍ ഇരുന്ന് തള്ളിക്കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി പറഞ്ഞിരുന്നു. അപകടം പറ്റിയ ആരുടേയെങ്കിലും സ്വന്തക്കാരെന്ന് കരുതി സഹായത്തിന് ചെന്നങ്കിലും അവര്‍ നിരസിക്കുകയും ചെയ്തതായി സോബി വ്യക്തമാക്കിയിരുന്നു.
പിന്നീട് കഴക്കൂട്ടത്ത് എത്തിയപ്പോഴാണ് വാഹനാപകടത്തില്‍ പരിക്കേറ്റത് ബാലഭാസ്‌കര്‍ ആണെന്ന വിവരം സോബി ജോര്‍ജ് അറിയുന്നത്. ദിവസങ്ങള്‍ കഴിഞ്ഞ് മരണത്തിലെ ദുരൂഹത പലരും പറഞ്ഞു. ഇതേ തുടര്‍ന്നാണ് സോബി തനിക്കുണ്ടായ സംശയം സുഹൃത്തും, ഗായകനുമായ മധു ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ബാലഭാസകറിന്റെ മാനേജര്‍ പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മധു ബാലകൃഷ്ണന്‍ പറയുകയും ചെയ്തു. പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ലെന്നും അല്‍പ്പസമയം കഴിഞ്ഞ് തിരിച്ച് വിളിച്ച പ്രകാശ് തമ്പി വേറെ ആരോടെങ്കിലും കാര്യങ്ങള്‍ പറഞ്ഞോ എന്നും തിരിച്ച് ചോദിച്ചതായും സോബി പറഞ്ഞിരുന്നു.
ബാലഭാസ്‌കറിന്റെ മുന്‍ മാനേജറായ പ്രകാശ് തമ്പിയെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രകാശ് തമ്പിക്ക് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമെന്ന് വ്യക്തമാക്കി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നേരത്തേ രംഗത്തെത്തിയിരുന്നു. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ അവര്‍ നടത്തിയിരുന്നുവെന്നും അതിനുള്ള പ്രതിഫലവും നല്‍കിയിരുന്നുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും അവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. അതേസമയം, പ്രകാശ് തമ്പിക്ക് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്നാണ് അച്ഛന്‍ കെ. സി ഉണ്ണി പറയുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് ആശുപത്രിയിലായ ശേഷവും മരണശേഷവും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നെന്ന വെളിപ്പെടുത്തലുമായി ബന്ധു പ്രിയ വേണുഗോപാലും രംഗത്തെത്തിയതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്‌കറുമായി നല്ല അടുപ്പമുണ്ടായിരുന്നെന്ന് തെളിവുകള്‍ പുറത്തു വരുന്നതിനിടെയാണ് അപകടത്തില്‍ ദുരൂഹത കൂട്ടുന്ന പല വെളിപ്പെടുത്തലുകളും പുറത്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."