പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു; അന്വേഷണത്തില്‍ എല്ലാം തെളിയും: ഡോ. നജ്മ
സ്വന്തം ലേഖിക
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ ചില നഴ്‌സുമാരുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നതായി ഡോ. നജ്മ സലിം.
അന്വേഷണം നടക്കുകയാണല്ലോ. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അപ്പോള്‍ എല്ലാം തെളിയും. മാനസികമായ പിന്തുണയാണ് തനിക്കു വേണ്ടത്. തന്റെ വെളിപ്പെടുത്തലുകളില്‍ തെറ്റിദ്ധാരണയും പരന്നിട്ടുണ്ട്. രണ്ടു രോഗികളുടെ കാര്യത്തില്‍ അനാസ്ഥയുണ്ടായിട്ടുണ്ട്. അതു നേരിട്ടു കണ്ടതാണ്. അതു തിരുത്തപ്പെടണം എന്നതിനാലാണ് ചൂണ്ടിക്കാണിച്ചത്.
പലരും കുറ്റപ്പെടുത്തുമ്പോഴും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നവരുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നഴ്‌സുമാരും ജൂനിയര്‍ വിദ്യാര്‍ഥികളുമെല്ലാം വിളിച്ചിരുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. തന്റെ കോളജ് ശവപ്പറമ്പാണെന്നും പറഞ്ഞിട്ടില്ല. അതെല്ലാം അടിസ്ഥാനരഹിതമാണ്. ജനുവരി മുതലാണ് ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയത്.
തന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ രോഗികളെയും കൂട്ടിരിപ്പുകാരെയും ഭയാനകമായ അന്തരീക്ഷത്തിലേക്ക് തള്ളിയിടരുതെന്നും രാഷ്ട്രീയവും മതവുമൊന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. പാര്‍ട്ടികളുടെയും സംഘടനകളുടെയും ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. ദയവുചെയ്ത് തന്നെ ഒരു പാര്‍ട്ടിയിലേക്കും വലിച്ചിഴയ്ക്കരുത്. മനുഷ്യജീവന്റെ കാര്യങ്ങളായതുകൊണ്ട് ഒറ്റയ്ക്കു നില്‍ക്കാനുള്ള ധൈര്യമുണ്ട്. കഴിഞ്ഞദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ കരഞ്ഞുപോയത് ധൈര്യക്കുറവുകൊണ്ടല്ല. ജീവന്റെ കാര്യം സംസാരിച്ചതുകൊണ്ട് കരഞ്ഞുപോയതാണ്.
കൂടെ ജോലി ചെയ്യുന്ന നഴ്‌സുമാരോട് ഒരു ദേഷ്യവുമില്ല. അവരെ കുറ്റപ്പെടുത്തുകയും വഴക്കുപറയുകയും ചെയ്യുന്നതിനാല്‍ അവരില്‍ പലര്‍ക്കും ദേഷ്യമുണ്ട്. എന്നുകരുതി മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ ഇനിയും നോക്കി നില്‍ക്കാനാവില്ലെന്നും നജ്മ പറഞ്ഞു. പതിവുപോലെ ഇന്നലെയും നജ്മ ആശുപത്രിയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."