അഴിമതിക്കാരെ പിരിച്ചുവിടണം; ഗുണ്ടാ ആക്ടില്‍ തീരുമാനം പൊലിസിന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അഴിമതിക്കാരേയും കാര്യശേഷിയില്ലാത്ത ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്ന് പൊലിസ്, ജയില്‍ പരിഷ്‌കരണ സമിതിയുടെ ശുപാര്‍ശ. ഗുണ്ടാ ആക്ടില്‍ ഉത്തരവിടാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണമെന്നും കുറ്റവാളികളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമം വേണമെന്നും ഇതിനായി ഗുണ്ടാ നിയമം ഭേദഗതി ചെയ്യണമെന്നും ശുപാര്‍ശയിലുണ്ട്. എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും ക്രമസമാധാനവും അന്വേഷണവും രണ്ടായി തിരിക്കണം. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഡോ. പി വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് 162 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കര്‍ണാടക, മഹാരാഷ്ട്ര മാതൃകയില്‍ നിയമ നിര്‍മാണം വേണം. തടവുകാരെ വിട്ടയക്കുന്നത് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സമിതി വേണമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജി ചെയര്‍മാനാകണമെന്നും ശുപാര്‍ശയിലുണ്ട്. എഫ്.ഐ.ആര്‍ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലാക്കണമെന്നും ഇതിനായുള്ള നിയമം നിലവില്‍ വന്ന് പത്ത് വര്‍ഷമായിട്ടും ചട്ടം രൂപീകരിച്ചിട്ടില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു. വിരലടയാള പരിശോധനാ ബ്യൂറോ ആധുനിക വല്‍കരിക്കണം. മൊബൈല്‍ ഫൊറന്‍സിക് ലാബുകള്‍ എല്ലാ ജില്ലകളിലും വേണം. കേസ് ഡയറികള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യണം. അന്വേഷണം പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകളാണ് കേരളത്തിലുള്ളത്. കെട്ടിക്കിടക്കുന്ന കേസുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനം വേണം. കേരളത്തില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് എട്ടര ലക്ഷം കേസുകളാണ്. ഇവ തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ കേരളത്തിലില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജയില്‍ ചാടുന്ന തടവുകാരെ പ്രത്യേകം പാര്‍പ്പിക്കുകയും ഇത്തരം തടവുകാരില്‍ ലൊക്കേഷന്‍ മാര്‍ക്കര്‍ ഘടിപ്പിക്കുകയും വേണം. മുഴുവന്‍ ജയിലുകളിലും സി.സി.ടി.വി ഘടിപ്പിക്കണമെന്നും വിചാരണക്കല്ലാതെ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."