ലോക ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിന് കൂത്തുപറമ്പ് സ്വദേശിനിയും
കൂത്തുപറമ്പ്: ലോക ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ വിജയം കൊയ്യാനുള്ള തയാറെടുപ്പിലാണ് കൂത്തുപറമ്പിനടുത്ത് വേങ്ങാട് കുരിയോട്ടെ എം.എം ദില്‍ന. ഇന്നു മുതല്‍ 15 വരെ സ്വീഡനില്‍ നടക്കുന്ന പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലാണ് ദില്‍ന മത്സരിക്കുന്നത്. 13നാണ് ദില്‍നയുടെ മത്സരം.
പവര്‍ലിഫ്റ്റിങ് രംഗത്തെത്തി രണ്ടു വര്‍ഷം കൊണ്ടാണ് ദില്‍ന ലോകനിലവാരത്തിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം മംഗോളിയയില്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ നേട്ടമാണ് ദില്‍നയ്ക്ക് ലോക ചാംപ്യന്‍ഷിപ്പിലേക്കുള്ള വഴി തുറന്നത്. 72 കിലോഗ്രാം വിഭാഗത്തിലാണ് ദില്‍ന മത്സരിക്കുക. പഠനകാലം തൊട്ട് കായിക രംഗത്ത് ശ്രദ്ധേയയാണ് ദിവാകരന്‍-രതി ദമ്പതികളുടെ മകളായ ദില്‍ന. ഹാമര്‍ ത്രോ, ഖൊഖോ എന്നീ ഇനങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വരെ പങ്കെടുത്തിരുന്നു. 2017 നവംബറിലാണ് പവര്‍ലിഫ്റ്റിങ് രംഗത്ത് എത്തുന്നത്. കോഴിക്കോട് തളിയിലെ ഗോള്‍ഡസ് ജിംനേഷ്യത്തിലെ അനില്‍കുമാറിന്റെ കീഴിലാണ് രണ്ടു വര്‍ഷമായി ദില്‍ന പരിശീലനം നടത്തുന്നത്.
കോഴിക്കോട് പുതിയങ്ങാടി അല്‍ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളിലെ കായികാധ്യാപികയായ ദില്‍ന സ്‌കൂള്‍ സമയത്തിനു ശേഷവും അവധി ദിവസങ്ങളിലുമാണ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. ഭര്‍ത്താവ് ബൈജുവും ബന്ധുക്കളും പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് ദില്‍ന പറഞ്ഞു. ലഖ്‌നൗ ദേശീയ സീനിയര്‍, സംസ്ഥാന സീനിയര്‍ ക്ലാസിക് ചാംപ്യന്‍ഷിപ്പുകളില്‍ വെങ്കല മെഡലുകളും സംസ്ഥാന സീനിയര്‍, ഇന്റര്‍ ക്ലബ് ചാംപ്യന്‍ഷിപ്പുകളില്‍ സ്വര്‍ണവുമാണ് ദില്‍നയുടെ മറ്റു നേട്ടങ്ങള്‍. മത്സരത്തില്‍ പങ്കെടുക്കാനായി 10ന് ദില്‍ന സ്വീഡനിലേക്ക് പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."