എം.എം മണിക്കെതിരേ കേസെടുക്കാനാവില്ലെന്ന് പൊലിസ്
തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെപേരില്‍ വൈദ്യുതി മന്ത്രി എം.എം മണിക്കെതിരേ കേസെടുക്കാനാവില്ലെന്ന് പൊലിസ്. നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള പരാമര്‍ശം മണിയുടെ പ്രസംഗത്തിലില്ലെന്ന് മൂന്നാര്‍ ഡിവൈ.എസ്.പി പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തെ അറിയിച്ചു.
പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുത്താലും ക്രിമിനല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ഡി.ബിനുവാണ് മണിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. പ്രസംഗം വിശദമായി പരിശോധിക്കുകയും പ്രസംഗം കേട്ടവരില്‍നിന്ന് പൊലിസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേസെടുക്കാനാവശ്യമായ മൊഴികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് നിലപാട്. അടിമാലി ഇരുപതാം മൈലില്‍ നടന്ന പൊതുയോഗത്തിലാണ് മണി വിവാദ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."