ജലനിരപ്പില്‍ വന്‍ കുറവ്; സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത് 16 ശതമാനം വെള്ളം
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പില്‍ വന്‍ കുറവ്. സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ ഇപ്പോള്‍ ശേഷിക്കുന്നത്. 268 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ അവശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം 983.687 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഇടുക്കിയില്‍ ആകെ ശേഷിയുടെ 20 ശതമാനം വെള്ളമേ ഇപ്പോഴുള്ളൂ.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയില്‍ വെറും 13 ശതമാനം വെള്ളമാണുള്ളത്. ഇടുക്കി ഡാമില്‍ 705.502 മീറ്റര്‍ വെള്ളമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ 939.058 മീറ്ററും ഉപസംഭരണിയായ പമ്പാഡാമില്‍ 963.05 മീറ്റര്‍ വെള്ളവുമാണ് നിലവിലുള്ളത്.
ഇടുക്കി, ശബരിഗിരി ഉള്‍പ്പെടെയുള്ള പദ്ധതികളിലെല്ലാം വൈകിട്ട് മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനം കൂടുതല്‍ അളവില്‍ നടത്തുന്നത്.
എല്ലാ ജലസംഭരണികളിലും കൂടി 16 ശതമാനത്തോളം വെള്ളമുണ്ടെങ്കിലും ഇതില്‍ വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കാവുന്നത് 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ചൂട് കൂടിയതു കാരണം ഈ വര്‍ഷം വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. പ്രത്യേകിച്ച് അവസാന മൂന്ന് മാസങ്ങളില്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗവും ഈ വര്‍ഷം രേഖപ്പെടുത്തി.
വോട്ടെണ്ണല്‍ ദിനമായ മെയ് 23ലെ 88.336 ദശലക്ഷം യൂനിറ്റ് ഉപഭോഗമാണുണ്ടായത്. പ്രതിദിന ഉപഭോഗം ഇപ്പോഴും ഉയരത്തില്‍ത്തന്നെ തുടരുകയാണ്. 84.82 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം.
ഇതില്‍ 62.551 ദശലക്ഷവും പുറത്ത് നിന്നാണ് എത്തിച്ചത്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചത് 22.271 ദശലക്ഷം യൂനിറ്റ് മാത്രം. ഏറ്റവും കൂടുതല്‍ വൈദ്യുതി പുറത്തുനിന്നെത്തിച്ചതും ഈ വര്‍ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."