ഞങ്ങളെ രാജ്യദ്രോഹികളാക്കിയെന്ന് അഷ്ഫാഖിന്റെ സന്ദേശം
തൃക്കരിപ്പൂര്‍: ഒരു ഉറുമ്പിനെ പോലും കൊലചെയ്യാത്ത ഞങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണകൂടത്തെയും സമൂഹത്തെയും ബോധ്യപ്പെടുത്തണമെന്ന അപേക്ഷയുമായി പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പ്രദേശങ്ങളില്‍ നിന്ന് കാണാതായ 17 പേരിലുള്‍പ്പെട്ട പടന്ന പെട്രോള്‍ ബങ്കിനുസമീപത്തെ അഷ്ഫാഖ് സാമൂഹികപ്രവര്‍ത്തകനായ അടുത്ത ബന്ധുവിന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്.
ശനിയാഴ്ച അഷ്ഫാഖ് സഹോദരിക്ക് സുഖവിവരങ്ങള്‍ ആരാഞ്ഞ് സന്ദേശമയച്ചിരുന്നു. നാട്ടില്‍ മുന്‍പ് അഷ്ഫാഖ് ഉപയോഗിച്ച നമ്പറില്‍ നിന്നാണ് സന്ദേശമയച്ചിരുന്നത്. ഈ നമ്പറില്‍ ബന്ധുക്കള്‍ തിരിച്ച് സന്ദേശമയച്ചതോടെയാണ് മറുപടി ലഭിച്ചത്.
'സാമ്പത്തിക ആര്‍ത്തി മനുഷ്യനെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇസ്‌ലാമിക രാജ്യമെന്നത് ഭീകരവാദമോ തീവ്രവാദമോ അല്ല. ഞങ്ങള്‍ അഭയംതേടിയ രാജ്യങ്ങളെക്കുറിച്ചു സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ ഭരണകൂടവും ഞങ്ങളുടെ പ്രവര്‍ത്തനത്തെ അംഗീകരിക്കും.
ജൂതരാജ്യങ്ങളുടെ അക്രമത്തില്‍ കരിഞ്ഞുണങ്ങുന്ന ആയിരങ്ങളെ പരിപാലിക്കലാണ് യഥാര്‍ഥ കാരുണ്യപ്രവര്‍ത്തനം. ഇനി ഒരു തിരിച്ചുവരവിനല്ല ഞങ്ങള്‍ പോയത്. സമൂഹത്തിനോടും രാജ്യത്തോടും പ്രതിബദ്ധത പുലര്‍ത്തുന്ന തികഞ്ഞ മുസ്‌ലിമായി ജീവിക്കലാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ തീരോധാനം ഭീകരവാദമായി ചിത്രീകരിക്കുന്ന മാധ്യമധര്‍മത്തിനെതിരേ ഞങ്ങള്‍ പ്രതികരിക്കുന്നില്ല' എന്നിങ്ങനെയാണ് സന്ദേശത്തിലുള്ളത്.
പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് കാണാതായവരില്‍ ആറ് സ്ത്രീകളും മൂന്നു കുട്ടികളുമടക്കം 21 പേരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സന്ദേശമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."