'ലൗ ജിഹാദ് തീവ്ര വലതുപക്ഷവാദികളുടെ മുസ്‌ലിം വിരുദ്ധ ജല്‍പനം'-പ്രമുഖ വനിതാ പ്രവര്‍ത്തകര്‍ പറയുന്നു
ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മഹാരാഷ്ട്രാ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയും ലൗ ജിഹാദ് ചര്‍ച്ചയും ഇളക്കി മറിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയെ. വലതുപക്ഷ കാഴ്ചപ്പാടുകള്‍ കൂടെക്കൊണ്ടു നടക്കുന്ന അവരുടെ വിഷലിപ്തവും സ്ത്രീവിരുദ്ധവുമായ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കലും പങ്കുവെക്കലും മുറക്കു നടക്കുന്നുമുണ്ട്.
തനിഷ്‌ക്ക് പരസ്യത്തിനും പിന്‍വലിക്കലിനും ശേഷം ലൗ ജിഹാദ് വീണ്ടും സജീവമായിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. എന്താണ് ലൗ ജിഹാദ് എന്നാണ് ഇതിനോട് പ്രമുഖരുടെ പ്രതികരണം. അങ്ങിനെ ഒരു സംഭവമേ ഇല്ലാത്തിടത്ത് കമ്മീഷന്‍ അധ്യക്ഷ എന്തിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്ന് അവര്‍ ചോദിക്കുന്നു.
ലൗ ജിഹാദ് എന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയിലോ നിയമപുസ്തകത്തിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും അത്തരത്തില്‍ ഒരപരാധത്തെ കുറിച്ച് എവിടേയും പ്രതിപാദിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു അഭിഭാഷകയും വിമന്‍സ് റൈറ്റ്‌സ് ആക്ടിവിസ്റ്റുമായ ഫ്‌ളാവിയ ആഗ്നസ്.
'മുസ്‌ലിം സമുദായത്തിനെതിരെ തീവ്ര വലതുപക്ഷം ഉപയോഗിക്കുന്ന ജല്‍പനമാണിത്. ഹിന്ദു സ്ത്രീകള്‍ അവരുടെ വസ്തുവാണെന്നും അവര്‍ക്ക് സ്വന്തമായി ഇച്ഛാശക്തിയില്ലെന്നുമാണ് അവര്‍ പറയുന്നത്. മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് അവരെ വശീകരിക്കാന്‍ കഴിയും. അവരിതിനെ ലൗ ജിഹാദെന്നു വിളിക്കുന്നു. എന്താണ് ലൗ ജിഹാദ്. നിയമപുസ്തകങ്ങളിലൊന്നും ഇങ്ങനെ ഒരു അപരാധത്തെ കുറിച്ച് പറയുന്നില്ല. ഈ പേരും പറഞ്ഞ് നിരവധി കേസുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവിടെ സ്ത്രീകള്‍ തന്നെ മുന്നോട്ടു വന്നു പറയുന്നു. തന്‍രെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇയാളെ വിവാഹം കഴിച്ചതെന്ന്. തങ്ങളെ ആരം നിര്‍ബന്ധിച്ചതോ വശീകരിച്ചതോ അല്ലെന്ന്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്' - ആഗ്നസ് ചോദിക്കുന്നു.
തന്റെ പദവിയെ രേഖാ ശര്‍മയെ പോലെ ഒരാള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആക്ടിവിസ്റ്റ് കവിതാ കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു. അവരെ സ്ഥാനത്തു നിന്ന് ഒഴിവാക്കണം. ഇത് മുഴുവന്‍ സ്ത്രീകളുടേയും ജീവിതവും മരണവും സംബന്ധിച്ച വിഷയമാണ്. വെറുമൊരു ട്വിറ്റര്‍ ഹാഷ്ടാഗില്‍ ഒതുക്കേണ്ടതല്ല പ്രതിഷേധം. അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന, കരുത്തുറ്റ വിശ്വസ്തയായ ഒരാളാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരിക്കേണ്ടത്. അവര്‍ തീര്‍ത്തും സ്വതന്ത്രയായിരിക്കണം, അല്ലാതെ അധികാര കേന്ദ്രങ്ങളുടെ ഇച്ഛക്കനുസരിച്ച് ആടുന്ന പാവയാവരുത്- രോഷാകുലയായി അഡ്വ. കരുണ നുന്ദി പറയുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഗവര്‍ണറുമായി ദേശീയ വനിതാ അധ്യക്ഷന്‍ നടത്തിയ കൂടിക്കാഴിചയിലെ ചര്‍ച്ചാ വിഷയം ലൗ ജിഹാദ് ആയിരുന്നു. അത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. രേഖാ ശര്‍മയെ പുറത്താക്കുക എന്ന ഹാഷ്ടാഗില്‍ ക്യാംപയിന്‍ സജീവമാണ് ട്വിറ്ററില്‍. അവരുടെ പഴയ ട്വീറ്റുകള്‍ പങ്കുവെച്ചായിരുന്നു ആക്രമണം. ഒടുവില്‍ അവര്‍ തന്റെ പഴയ ട്വീറ്റുകള്‍ പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."