വിദ്യാരംഭം കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണംദിനം പതിനായിരത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം ദിനങ്ങള്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണം. വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താന്‍ പാടുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുള്ളവര്‍, മറ്റ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണ്. വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കിയിരിക്കണം.
ആ സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിന് മുന്‍പും ശേഷവും എഴുത്തിനിരുത്തുന്നയാള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കഴുകണം. ചെറുതാണെങ്കിലും രോഗലക്ഷണമുള്ള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്. മധുരപലഹാരം, ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ ഒത്തുകൂടാതെ നിശ്ചിത അകലം പാലിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും പേരും ഫോണ്‍ നമ്പരും എഴുതി സൂക്ഷിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."