വെള്ളവും വെളിച്ചവുമില്ല; ജനം ദുരിതത്തില്‍
മലയിന്‍കീഴ്: വെള്ളവും വൈദ്യുതിയുമില്ലാതെ ഗ്രാമീണമേഖലയിലെ ജനം ദുരിതത്തില്‍. ഒരാഴ്ചയായി പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വേനലില്‍ വെന്തുരുകുകയാണു ജനം. വരള്‍ച്ച പിടിമുറുക്കിയിരിക്കെ വൈദ്യുതി നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയതോടെ പമ്പ് ഹൗസുകളില്‍ പമ്പിങ് മുടങ്ങി.
24 മണിക്കൂറും തുടര്‍ച്ചയായി പമ്പ് ചെയ്യേണ്ട കാളിപാറയില്‍ പോലും ദിവസവും എട്ടും പത്തും മണിക്കൂര്‍ മാത്രമാണ് പമ്പിങ് നടക്കുന്നത്. പമ്പിങ് മുടങ്ങിയതോടെ ജലവിതരണം ഭാഗികമായി മാത്രമേ നടക്കുന്നുള്ളു.
കാട്ടാക്കട പഞ്ചായത്തില്‍ ജലവിതരണം എട്ടുദിവസമായി നിലച്ച പ്രദേശങ്ങളുമുണ്ട്. മാറനല്ലൂരിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. ഇവിടെ പല സ്ഥലങ്ങളിലെയും സ്ഥിതി പരമ ദയനീയമാണ്.
കാളിപാറ നിന്നുള്ള ജലം കാട്ടാക്കട പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമല്ല. പകുതി വാര്‍ഡുകളില്‍ കുളത്തുമ്മല്‍ പദ്ധതിയില്‍ നിന്നുള്ള ജലവിതരണമാണു നടക്കുന്നത്. എന്നാല്‍ കുളത്തുമ്മല്‍ പദ്ധതി സ്ഥിതിചെയ്യുന്ന കീഴാറൂര്‍ പമ്പ് ഹൗസിലെ പമ്പുകള്‍ കത്തിപ്പോയതോടെ ഇവിടെ നിന്നുള്ള പമ്പിങ് നിലച്ചു.
രണ്ട് ദിവസം മുമ്പ് പകരം പമ്പെത്തിച്ചു പമ്പിങ് തുടങ്ങിയെങ്കിലും, മണിക്കൂറുകള്‍ക്കുള്ളില്‍ അതും കത്തിപ്പോയതോടെ കുളത്തുമ്മല്‍ പദ്ധതിയില്‍ നിന്നുള്ള ജലവിതരണം പൂര്‍ണമായി നിലച്ചു.
കാളിപാറ പദ്ധതിയില്‍ നിന്നുള്ള കണക്ഷന്‍ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെങ്കിലും ഇതിനുള്ള ജോലികള്‍ ഇന്നലെ തുടങ്ങിയതേയുള്ളു. 16 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നതിനാല്‍ കാളിപാറയിലെ പമ്പിങും പൂര്‍ണതോതില്‍ നടക്കില്ല.
ഫലത്തില്‍ ഇനിയും ദിവസങ്ങള്‍ കഴിഞ്ഞാലെ ജലവിതരണം സുഗമമാകു. കടുത്ത വേനലിനിടെ വൈദ്യുതി നിയന്ത്രണം കൂടിയെത്തിയതാണു ജനങ്ങള്‍ക്ക് ഇരുട്ടടിയായത്.
കാളിപാറയിലെ പമ്പിങ് പൂര്‍ണതോതില്‍ നടക്കാത്തതിനാല്‍ ഇവിടെനിന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ശുദ്ധജല വിതരണത്തിനും അപ്രഖ്യാപിത നിയന്ത്രണമേര്‍പ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ഇടയ്ക്കു പെയ്യുന്ന വേനല്‍മഴ തെല്ലൊരാശ്വാസം നല്‍കുന്നെങ്കിലും എല്ലാ ദിവസവും മഴയുമില്ല.
മഴ ലഭിച്ചാലും ചൂടിനു ശമനമില്ല. നിയന്ത്രണങ്ങള്‍ക്ക് അവധി നല്‍കി, ജലവിതരണം സുഗമമാക്കാനുള്ള നടപടികള്‍ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."