വിദ്യാലയങ്ങളില്‍ ലഹരി തടയാന്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
പൊലിസ്, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, പബ്ലിക് റിലേഷന്‍സ് വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത സമിതി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കണം. പൊലിസ്, എക്‌സൈസ് വകുപ്പുകളുടെ കൂട്ടായ പരിശ്രമം ഉണ്ടാകണം. വ്യാപകമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പാഠപുസ്തകങ്ങളിലൂടെയും ബോധവല്‍ക്കരണം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 12,000 കേസുകളാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായതെന്ന് എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ് പറഞ്ഞു. വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. പൊലിസ്, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകള്‍ ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്ത പ്രവര്‍ത്തന സമിതി ഉണ്ടാക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡിഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, എക്‌സൈസ് വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, എ.ഡി.ജി.പി മനോജ് അബ്രഹാം, ഐജിമാരായ എസ്. ശ്രീജിത്ത്, പി. വിജയന്‍, ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുഡിന്‍, ഡയരക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."