ഫാര്‍മസിസ്റ്റിന്റെ മരണം: കാരണമായത് നിര്‍ബന്ധിത പിരിവും മാനസിക പീഡനവും
മഞ്ചേരി: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍സിസ്റ്റ് ആത്മഹത്യ ചെയ്യാനിടയായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിര്‍ബന്ധിത പിരിവും മാനസിക പീഡനവുമാണെന്ന ആരോപണം ശക്തമാകുന്നു. മങ്കട പള്ളിപ്പുറം വെണ്ണക്കോട് അബ്ദുല്‍ നാസര്‍(32) ആണ് ഇന്നലെ പുലര്‍ച്ചെ ആറിന് വീട്ടില്‍ തൂങ്ങി മരിച്ചത്. പി.എസ്.സി വഴി മൂന്ന് മാസം മുന്‍പാണ് ഫാര്‍മസിസ്റ്റായി നാസര്‍ ജോലിയില്‍ പ്രവേശിച്ചത്. അബ്ദുല്‍ നാസറിന് ആദ്യ നിയമനം ലഭിച്ചത് ചുങ്കത്തറ സി.എച്ച്.സിയിലാണ്. ജോലി ഭാരം കൂടിയതിനാല്‍ ഇവിടെ നിയമനം ലഭിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ സ്ഥലം മാറ്റം വാങ്ങിപ്പോവുകയാണ് പതിവ്. അബ്ദുല്‍ നാസറിന്റെ സ്വദേശമായ വെണ്ണക്കോട് നിന്നും കുറഞ്ഞ ദൂരം മാത്രമുള്ള ആനക്കയം പി.എച്ച്.സിയില്‍ ഫാര്‍മസിസ്റ്റിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇരു ഭാഗത്തേക്കുമായി 80 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുന്ന ചുങ്കത്തറയിലേക്ക് നിയമനം നല്‍കിയത്. മരുന്ന് വിതരണത്തിന് പുറമേ മരുന്നുകളുടെ കണക്ക് സൂക്ഷിക്കുന്ന ഭാരിച്ച ഉത്തരവാദിത്വവും നാസറിനായിരുന്നു. ജോലിയിലെ പ്രയാസം മെഡിക്കല്‍ ഓഫിസറോട് പറയുകയും ചെയ്തിരുന്നു.
ഇതിനിടെ ജോലി ഭാരം കൂടിയതിനാല്‍ മറ്റൊരു സ്ഥാലത്തേക്ക് മാറാന്‍ നാസര്‍ ശ്രമിച്ചിരുന്നെങ്കിലും സി.പി.എം അനുകൂല സംഘടനയില്‍ അംഗത്വം എടുത്താല്‍ മാത്രമെ മറ്റൊരിടത്തേക്ക് മാറാന്‍ അനുവദിക്കുകയൊള്ളുവെന്ന് ഇടതുപക്ഷ യൂനിയന്‍ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിര്‍ബന്ധിത പിരിവു ചോദിച്ചും അബ്ദുന്നാസറിനെ പ്രയാസപ്പെടുത്തിയിരുന്നതായി യു.ഡി.എഫ് അനുകൂല സംഘടനാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 23 ന് ജോലിയില്‍ പ്രവേശിച്ച അബ്ദുന്നാസറിന് ഒരു മാസത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ബന്ധിത പിരിവ് അഭ്യര്‍ഥന തുടര്‍ന്നത് ഇയാളെ മാനസികമായി തളര്‍ത്തുകയായിരുന്നു. ജോലിയിലെ അമിത ഭാരവും മാനസിക പ്രയാസവും പല തവണ ചുങ്കത്തറ മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജലീലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.സക്കീന ഇടപെട്ട് നാസറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച നിയമന ഉത്തരവ് കൈപ്പറ്റി ജില്ലാ ആശുപത്രിയില്‍ പോയി തിരികെ എത്തിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് ശേഷം പള്ളിപ്പുറം വെണ്ണക്കോട് ജുമാ മസ്ജിദില്‍ മറവ് ചെയ്തു. നാസറിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. അബ്ദുന്നാസറിനെ ആരോ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിരുന്നതായി മാതൃസഹോദരി ഭര്‍ത്താവ് അബ്ദുറഹ്മാന്‍ ബാഖവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."