വിദേശമദ്യഷാപ്പ് സമരം: അക്രമം നടത്തിയ ജീവനക്കാരനെ സസ്‌പെന്റ് ചെയ്യണം
അമ്പലപ്പുഴ: വിദേശമദ്യഷാപ്പ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരെ അസഭ്യം പറയുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത ജീവനക്കാരനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെട്ടിക്കരിയില്‍ സ്ഥാപിച്ച വിദേശമദ്യ വില്‍പനശാല നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിവന്ന സമരപന്തലിലേയ്ക്ക് ഇതേ വിദേശമദ്യഷാപ്പിലെ ജീവനക്കാരനും വാടയ്ക്കല്‍ സ്വദേശിയുമായ ദേവനാണ് സമരപ്പന്തലിലുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിഞ്ഞു നശിപ്പിക്കുകയും സമരത്തില്‍ പങ്കെടുത്തിരുന്ന വനിതകളെ അസഭ്യം പറയുകയും ചെയ്തത്.
വിവരമറിഞ്ഞെത്തിയ പുന്നപ്ര പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതേതുടര്‍ന്ന് വനിതകള്‍ ഉള്‍പ്പടെ നൂറോളം പേര്‍ വിദേശ മദ്യവില്‍പനശാലയിലേക്ക് നടത്തിയ മാര്‍ച്ചാണ് 50 മീറ്റര്‍ അകലെവെച്ച് പുന്നപ്ര എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തടഞ്ഞത്്. എന്നാല്‍ ഇയാളെ സസ്‌പെന്റു ചെയ്യണമെന്നാവശ്യപ്പെട്ട് പിന്നീട് സമരക്കാര്‍ മദ്യശാല മാനേജര്‍ക്ക് പരാതി നല്‍കി. പൊലിസിന്റെ സമയോജിതമായ ഇടപെടലുകള്‍മൂലം വന്‍ സംഘര്‍ഷാവസ്ഥ ഒഴിവായി. സമരസമിതി നേതാക്കളായ നസീര്‍ സലം, അനിയന്‍ പണിക്കര്‍, ശശി ചേക്കാത്ര, ബാബുരാജ്, ജലജ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."