സംവരണ അട്ടിമറി: വിവിധ സമുദായ സംഘടനകളെ സംഘടിപ്പിച്ച് യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത
കോഴിക്കോട്: മുന്നാക്ക സംവരണത്തിന്റെ മറവില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന സംവരണ അട്ടിമറിക്കെതിരേ സമസ്ത പ്രക്ഷോഭത്തിന്. യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെയുള്ള മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം വിലയിരുത്തി.
മെഡിക്കല്‍, എന്‍ജിനീയറിങ്, ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലിസ്റ്റുകളില്‍ തന്നെ വലിയ രീതിയില്‍ സംവരണ അട്ടിമറിയും മെറിറ്റ് അട്ടിമറിയും കണ്ടെത്തിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗ മേഖലയില്‍ മുസ്‌ലിം, ദലിത് വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. മെറിറ്റ് സീറ്റില്‍ നിന്ന് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ 20 ശതമാനം സീറ്റാണ് പിന്നാക്കക്കാര്‍ക്കു കൂടി അവകാശപ്പെട്ട മെറിറ്റ് സീറ്റില്‍ നിന്ന് കവര്‍ന്നെടുത്തത്. പിന്നാക്ക സംവരണ അട്ടിമറിയോടൊപ്പം സവര്‍ണ ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായി തയാറാക്കിയ ഈ മെറിറ്റ് അട്ടിമറി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും കോഴിക്കോട്ടു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃയോഗം വിലയിരുത്തി.
സാമ്പത്തിക സംവരണത്തിന്റെ മറവിലുള്ള പിന്നാക്ക സംവരണ- മെറിറ്റ് അട്ടിമറിക്കെതിരേ വിവിധ സമുദായ സംഘടനകളെ സംഘടിപ്പിച്ച് യോജിച്ച പ്രക്ഷോഭം നടത്താനും യോഗം പദ്ധതി തയാറാക്കി. ഇതിനായി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ ചെയര്‍മാനും മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ കണ്‍വീനറുമായി സമിതി രൂപീകരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ സമിതി അംഗങ്ങളാണ്.
യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, യു. മുഹമ്മദ് ശാഫി ഹാജി, അഡ്വ: കെ.എ ജലീല്‍, അഡ്വ: സജ്ജാദ്, അഡ്വ: അന്‍സാരി, അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവി പ്രസംഗിച്ചു. ഏകോപന സമിതി കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."