ഗുജറാത്തില്‍ സമരം ചെയ്ത സ്ത്രീക്കുനേരെ ബി.ജെ.പി എം.എല്‍.എയുടെ അക്രമം
അഹമ്മദാബാദ്: കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീയെ ബി.ജെ.പി എം.എല്‍.എ നടുറോഡില്‍ തൊഴിച്ചു വീഴ്ത്തുകയും അക്രമിക്കുകയും ചെയ്തു. എന്‍.സി.പി അംഗം നിതു തേജ്വാനിയെയാണ് ബി.ജെ.പി എം.എല്‍.എ ബാല്‍റാം തവാനി മര്‍ദിച്ചത്. അക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനാല്‍ എം.എല്‍.എയും സംസ്ഥാന ബി.ജെ.പി നേതൃത്വവും കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.
കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനാണ് ബല്‍റാമിനെ കാണാനെത്തിയത്. എന്നാല്‍ ഒന്നും പറയാന്‍ തയാറാകാതിരുന്നതോടെയാണ് പ്രതിഷേധിച്ചതെന്ന് സ്ത്രീ പറഞ്ഞു. ഇതിനിടയിലാണ് എം.എല്‍.എ തന്നെ മര്‍ദിച്ചത്. സംഭവത്തില്‍ ഇടപെട്ട തന്റെ ഭര്‍ത്താവിനെ എം.എല്‍.എയുടെ സഹായികള്‍ സംഘം ചേര്‍ന്ന് അക്രമിച്ചുവെന്നും ഇവര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ വിഷയം പുറത്തുവന്നതോടെ എം.എല്‍.എ നിലപാട് മാറ്റി. പ്രതിരോധത്തിന്റെ ഭാഗമായാണ് സ്ത്രീയെ മര്‍ദിക്കേണ്ടി വന്നതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും എം.എല്‍.എ പറഞ്ഞു. സംഭവം വിവാദമായതോടെ ബി.ജെ.പി ഗുജറാത്ത് സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ എം.എല്‍.എ ക്ഷമ ചോദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എം.എല്‍.എ എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജിത്തുബായ് വാഗാനി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."