പ്രളയാനന്തര സര്‍വേ: മാതൃകയായി വയനാട് എന്‍ജിനീയറിങ് കോളജ്
കല്‍പ്പറ്റ: പ്രളയാനന്തര സര്‍വേ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനത്തിന് മാതൃകയാവുകയാണ് വയനാട് എന്‍ജിനീയറിങ് കോളജ്. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിന്റെ അപേക്ഷ പ്രകാരം സര്‍ക്കാരിന് ഒരു നയാപൈസ ബാധ്യത വരുത്താതെയാണ് വയനാട് എന്‍ജിനീയറിങ് കോളജ് പഞ്ചായത്തിലെ സമഗ്ര സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഓണ അവധി കാലത്തും കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും മറ്റ് വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന കോളജിന്റെ മുഴുവന്‍ ടീമും സര്‍വേയില്‍ പങ്കെടുത്തു.
50 വിദ്യാര്‍ഥികളും പത്ത് ജീവനക്കാരുമടങ്ങുന്ന സംഘം 800 മണിക്കൂര്‍ ജോലി ചെയ്താണ് സര്‍വേ പൂര്‍ത്തീകരിച്ചത്. ഓഗസ്റ്റ് 19ന് പഞ്ചായത്തംഗങ്ങളുമായി സംസാരിച്ചതിന് പുറമേ 21ന് നടത്തിയ മൂന്ന് കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സര്‍വേ തീരുമാനിച്ചത്.
22ന് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രിന്റഡ് അപേക്ഷാഫോം ഉപയോഗിച്ചു. 23ന് സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ ഏഴിന് പൂര്‍ത്തീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 540 മണിക്കൂര്‍ ഉപയോഗിച്ച് 20 വിദ്യാര്‍ഥികളും 20 അധ്യാപകരും മുഴുവന്‍ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങളും നടത്തി. ഇവ ഇന്ന് പഞ്ചായത്തിന് കൈമാറും.
നഷ്ടപ്പെട്ട രേഖകള്‍, റേഷന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആധാരം, മാര്‍ക്ക്‌ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, മറ്റുള്ളവ, വഴി, പാലം, വീട്, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, കിണര്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, പഠനോപകരണങ്ങള്‍, സ്ഥലം, സര്‍വേ നമ്പര്‍, കൃഷി, മണ്ണിടിച്ചില്‍, വളര്‍ത്തുമൃഗങ്ങള്‍, മറ്റുള്ളവ തുടങ്ങി മുഴുവന്‍ നഷ്ടവിവരങ്ങളും സര്‍വേ ഫോമിലുണ്ട്. എന്‍ജിനീയറിങ് കോളജ് ഫ്‌ളഡ് റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി. ജ്യോതിയുടെ നേതൃത്വത്തിലാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
കോളജിലെ മുഴുവന്‍ ജീവനക്കാരുടെയും പഞ്ചായത്തംഗങ്ങളുടെയും സഹകരണത്തോടെ വിദ്യാര്‍ഥികള്‍ കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."