ഉപേക്ഷിച്ച സ്പീഡ് ബ്രേക്കറുകള്‍ കുരുക്കാവുന്നു
ബദിയഡുക്ക: വാഹന വേഗത കുറയ്ക്കാന്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ റോഡില്‍ ഉപേക്ഷിച്ചതോടെ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. മുള്ളേരിയ റോഡ് നവീകരിച്ചതോടെയാണ് റോഡുകളില്‍ സ്വകാര്യ വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്തുവെക്കുന്ന ബ്രേക്കറുകള്‍ റോഡില്‍ വ്യാപകമായത്. നവീകരിച്ച റോഡിലൂടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്കു തടയിടാനാണിത് സ്ഥാപിച്ചത്.
എന്നാല്‍ കൃത്യതയില്ലാതെ വെക്കുന്ന ഡിവൈഡറുകള്‍ തന്നെയാണ് അപകടത്തിനുകാരണമാവുന്നതെന്നു കണ്ടതോടെയാണ് സ്പീഡ് ബ്രേക്കറുകള്‍ ഉപേക്ഷിച്ചത്. റോഡിലും റോഡരികിലും കിടക്കുന്ന ഇവ ഇപ്പോള്‍ സ്ഥിരം അപകടത്തിനുകാരണമാവുന്നു. നാരംപാടി, മാര്‍പ്പിനടുക്ക, ബദിയടുക്ക ടൗണ്‍, കന്യാപ്പാടി, നീര്‍ച്ചാല്‍, സീതാംഗോളി എന്നിവിടങ്ങളിലൊക്കെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. നീര്‍ച്ചാല്‍, ബേള പ്രദേശങ്ങളിലുണ്ടായ വാഹനാപകടങ്ങള്‍ ഇതില്‍ തട്ടിയതിനാലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അടിഭാഗം ശരിയില്ലാത്തതും റോഡില്‍ ഉറപ്പിച്ചുവെക്കുന്നതുമായ സ്പീഡ് ബ്രേക്കറുകള്‍ ബന്ധപ്പെട്ട അധികൃതരുടെ അനുവാദമില്ലാതെയാണ് സ്ഥാപിച്ചിരുന്നതെന്നും ആരോപണമുണ്ട്. റോഡില്‍ ചെങ്കല്ലിട്ട് ഉറപ്പിച്ചു നിര്‍ത്തുന്ന ബ്രേക്കറുകളില്‍ തട്ടിയാല്‍ ഭിത്തിയിലിടിച്ചതു പോലെ അപകടമാണുണ്ടാകുന്നത്. രാത്രിയില്‍ പോലും മാറ്റിവെക്കാത്ത റിഫ്‌ളക്ടര്‍ പോലുമില്ലാത്ത ബ്രേക്കറുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത് അടുത്തെത്തുമ്പോഴാണ്. ഇതോടെ വാഹനം നിയന്ത്രണം തെറ്റി അപകടത്തില്‍പ്പെടുന്നു. പ്രാദേശികമായി അശാസ്ത്രീയമായി സ്ഥാപിക്കുന്ന ഇതിന് ആര്‍.ടി.ഒയുടെ അനുമതിയില്ല.
പരാതികള്‍ വ്യാപകമായതോടെ പലതും റോഡില്‍ നിന്നു തള്ളിവെക്കുകയോ റോഡില്‍ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുകയാണ്. ബദിയടുക്ക ടൗണില്‍ പലേടത്തും ഇവ റോഡില്‍ ഉപേക്ഷിച്ചിട്ടുണ്ട്. വശത്ത് സിഗ്നല്‍ സ്ഥാപിച്ച് വേഗത നിയന്ത്രിക്കാനുള്ള ബോധവല്‍ക്കരണമാണ് പോംവഴിയെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."