കശ്മിരില്‍ പാര്‍ട്ടികളുടെ പടയൊരുക്കം
ശ്രീനഗര്‍: ജമ്മു കശ്മിരിന്റെ പ്രത്യേക പദവി തിരികെപ്പിടിക്കാന്‍ കശ്മിരിലെ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നണി രൂപീകരിച്ചു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയാണ് മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുക. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി വൈസ് പ്രസിഡന്റാണ്. കശ്മിരിന്റെ പ്രത്യേക പതാകതന്നെയാണ് മുന്നണിയുടെയും അടയാളമെന്നു ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മിരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനു പിന്നാലെ വീട്ടുതടങ്കലിലായ മെഹ്ബൂബ മുഫ്തിയെ കോടതി ഇടപെടലിനെ തുടര്‍ന്നു കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു. ഫാറൂഖ് അബ്ദുല്ലയടക്കം മറ്റു നേതാക്കളും വീട്ടുതടങ്കലിലായിരുന്നെങ്കിലും ഇവരെ നേരത്തെ വിട്ടയച്ചിരുന്നു. മെഹ്ബൂബ മോചിതയായതിനു പിന്നാലെയാണ് കശ്മിരിലെ വിവിധ പാര്‍ട്ടികള്‍ സംയുക്ത യോഗം ചേര്‍ന്നു മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ, കഴിഞ്ഞ ദിവസമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷനെന്ന മുന്നണി ദേശവിരുദ്ധമാണെന്നാരോപിച്ച് നേരത്തെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ സഖ്യം ബി.ജെ.പി വിരുദ്ധമാണെന്നതില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ദേശവിരുദ്ധമാകില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ജമ്മു കശ്മിരിന്റെ പ്രത്യേക പദവിയും പതാകയും തിരികെ നല്‍കുന്നതുവരെ താന്‍ ഇനി ദേശീയ പതാക ഉയര്‍ത്തില്ലെന്നു കഴിഞ്ഞ ദിവസം മെഹ്ബൂബ മുഫ്തി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ രംഗത്തെത്തിയ ബി.ജെ.പി, മെഹ്ബൂബയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."