കുത്തകകളുടെ ചൂഷണത്തിനെതിരേ കര്‍ഷക കൂട്ടായ്മ: ഉദ്ഘാടനത്തിനൊരുങ്ങി ഗ്രീന്‍ ടീ പ്രൊഡ്യൂസേഴ്‌സ് ഫാക്ടറി
കല്‍പ്പറ്റ: വന്‍കിട കമ്പനികളുടെ ചൂഷണത്തില്‍ മനംമടുത്ത് ചെറുകിട തേയില കര്‍ഷകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രീന്‍ ടീ പ്രൊഡ്യൂസേഴ്‌സ് കമ്പനി ഉല്‍പാദന ഘട്ടത്തിലേക്ക്. നെന്മേനി പഞ്ചായത്തിലെ കരടിപ്പാറയില്‍ ഒരു കോടിയോളം രൂപ മുതല്‍ മുടക്കിയാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. ഫാക്ടറിയുടെ അവസാനഘട്ട പ്രവൃത്തികള്‍ മിനുക്കുപണികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനമാണ് ഉദ്ഘാടനം. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ വന്‍കിട കുത്തകക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തിന് അറുതി വരുത്തി ന്യായമായ വില കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.
തേയിലകര്‍ഷകര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വട്ടച്ചോല, കരടിപ്പാറ ചെറുകിട തേയില കര്‍ഷക സമിതികളുടെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിക്കുന്നത്. രണ്ട് സമിതികളിലുമായുള്ള 80 ഓളം കര്‍ഷകര്‍ ഷെയര്‍ എടുത്താണ് കമ്പനിയുടെ രൂപീകരണം. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ ഷെയര്‍. 10 ഷെയറുകള്‍ എടുത്താണ് മൂലധനം സ്വരൂപിച്ചത്. കൂടാതെ നബാര്‍ഡ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നായി അരക്കോടിയോളം രൂപ വായ്പയായും ലഭിച്ചു. ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് വീതിച്ചു നല്‍കും.
തേയില സംസ്‌കരണ വിപണന രംഗത്ത് ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. വയനാട്ടിലെ കര്‍ഷകര്‍ക്കാണ് പുതിയ സംരംഭം ഏറെ ഗുണകരമാവുക. കമ്പോളത്തില്‍ ആവശ്യക്കാരേറെയുള്ള ഗ്രീന്‍ ടീയാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നുവെന്നതിനാല്‍ പൊതുവിപണിയില്‍ ഗ്രീന്‍ ടീക്ക് ആവശ്യക്കാരേറെയാണ്.
എച്ച്.എം.എല്‍ അടക്കമുള്ള വന്‍കിട കമ്പനി ഫാക്ടറികളിലാണ് നിലവില്‍ വയനാട്ടിലെ ചെറുകിട കര്‍ഷകര്‍ തേയില ചപ്പ് നല്‍കുന്നത്. തേയില ചപ്പ് ഉല്‍പാദനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫാക്ടറികള്‍ ചെറുകിട കര്‍ഷകരില്‍ നിന്ന് ചപ്പ് സ്വീകരിക്കില്ല. ഇതുവഴി കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് സംഭവിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ചിരിക്കുന്നത്. ഗ്രീന്‍ ടീ ഉല്‍പാദിപ്പിക്കുന്നതിനാവാശ്യമായ കൊളുന്ത് ഉല്‍പാദിപ്പിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി അധികൃതര്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി തുടങ്ങിയിട്ടുണ്ട്.
ഒരു തേയില ചപ്പിന് കര്‍ഷകര്‍ക്ക് 30 രൂപ തോതില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ കൃഷ്ണദാസ് പറഞ്ഞു. നിലവില്‍ വന്‍കിട ഫാക്ടറികള്‍ കിലോക്ക് 10 രൂപയാണ് നല്‍കുന്നത്. വിദേശ കയറ്റുമതിക്ക് ഗ്രീന്‍ ടീക്ക് ഒരു കിലോക്ക് മൂന്നു രൂപ സബ്‌സിഡി നല്‍കാന്‍ കഴിയുന്ന പദ്ധതി ടീ ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ രീതിയിലുള്ള സഹായവും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ടീ ബോര്‍ഡിന്റെ അംഗീകാരമുള്ള കോത്തഗിരിയിലെ പാണ്ഡ്യന്‍ എന്‍ജിനിയറിങ് വര്‍ക്ക്‌സ് എന്ന സ്ഥാപനമാണ് ഫാക്ടറി സജ്ജമാക്കുന്നത്. പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം ഇവര്‍ ഒരു ആഴ്ചക്കാലം കമ്പനി അധികൃതര്‍ക്ക് ഗ്രീന്‍ ടീ ഉല്‍പാദനത്തില്‍ പരിശീലനവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."