ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാന്‍ സുദാന്‍ സമ്മതിച്ചെന്ന് ട്രംപ്
ഖാര്‍ത്തൂം: ബന്ധം സാധാരണ നിലയിലാക്കാന്‍ ഇസ്‌റാഈലും സുദാനും സമ്മതിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍വച്ചാണ് ട്രംപ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സംഭവത്തെ അപലപിച്ച ഫലസ്തീന്‍ പിറകില്‍നിന്നുള്ള പുതിയ കുത്തെന്നാണ് ധാരണയെ വിശേഷിപ്പിച്ചത്. നവംബര്‍ മൂന്നിന് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സുദാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്, ഇടക്കാല കൗണ്‍സില്‍ മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കരാറിന് ധാരണയിലെത്തിയതെന്ന് ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സുദാനും ഇസ്‌റാഈലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനും നേതാക്കള്‍ സമ്മതിച്ചതായി മുന്നു രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. യു.എ.ഇക്കും ബഹ്‌റൈനും ശേഷം രണ്ടു മാസത്തിനിടെ ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് സുദാന്‍.
ഭീകരവാദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുദാനെ നീക്കുമെന്ന് ട്രംപ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് സുദാന്റെ പ്രഖ്യാപനം. അതേസമയം, ഇസ്‌റാഈലുമായി കരാറുണ്ടാക്കുന്നതിനെ എതിര്‍ത്ത് സുദാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ നാഷനല്‍ ഉമ്മ പാര്‍ട്ടി, സുദാനീസ് ബാഅത്ത് പാര്‍ട്ടി, പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയവ രംഗത്തെത്തിയിട്ടുണ്ട്. കരാറില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇടക്കാല സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് നാഷനല്‍ ഉമ്മ പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ സ്വാദിഖ് അല്‍ മഹ്ദി മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."