ഓര്‍മ മരം പദ്ധതി: കബനി തീരത്ത് നട്ട വൃക്ഷത്തൈകള്‍ നശിക്കുന്നു
പുല്‍പ്പള്ളി: വയനാടിന്റെ പച്ചപ്പ് തിരിച്ചുകൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനി പുഴയോരത്ത് നട്ട മരങ്ങള്‍ നശിക്കുന്നു.
ഓര്‍മമരം എന്ന പേരില്‍ ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ കൊളവള്ളി മുതല്‍ മരക്കടവ് വരെ ഗ്രീന്‍ ബെല്‍റ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടിരുന്നു. ധനമന്ത്രി ടി.എം തോമസ് ഐസക്കായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ നട്ട ഒരു തൈപോലും സംരക്ഷിക്കാന്‍ കഴിയാതെ ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ പാഴായിരിക്കുന്നത്. മൂന്നു ഏക്കറോളം സ്ഥലത്ത് വൃക്ഷത്തൈ സംരക്ഷിക്കുന്നതിനായി മുള്ളുവേലി നിര്‍മിച്ചിരുന്നുവെങ്കിലും ഇവിടെയും ഒരു തൈ പോലും ഇപ്പോള്‍ കാണാനില്ല.
വനം വകുപ്പും സോഷ്യല്‍ ഫോറസ്ട്രിയുമായിരുന്നു തൈകള്‍ വിതരണം ചെയ്തത്. എന്നാല്‍, ലക്ഷങ്ങള്‍ ചെലവഴിച്ച് പദ്ധതി തയാറാക്കുമ്പോള്‍ അതിന്റെ സംരക്ഷണ ചുമതല ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകാതെ വന്നതാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഗ്രാമപ്പഞ്ചായത്ത് മുഖേന തൊഴിലുറപ്പ് പദ്ധതിയിലൂടെ വൃക്ഷത്തൈയുടെ സംരക്ഷണ ചുമതല ഏല്‍പ്പിക്കാനായിരുന്നു ഭരണകൂടം ആദ്യം ശ്രമിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച പദ്ധതിയാണ് ആര്‍ക്കും പ്രയോജനപ്പെടാതെ നശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."