ജലപ്രളയത്തില്‍ തകര്‍ന്ന ബണ്ടുകള്‍ അടിയന്തിരമായി പുനര്‍നിര്‍മിക്കണമെന്ന്
അങ്കമാലി: ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്‌കീമിന്റെ ഇടത്കര മെയിന്‍ കനാലിന്റെ ജലപ്രളയത്തില്‍ തകര്‍ന്ന ബണ്ടുകള്‍ പ്രളയദുരന്ത നിവാരണ പദ്ധതികളിലുള്‍പ്പെടുത്തി അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ചാലക്കുടി പുഴയിലുണ്ടായ വെള്ളപ്പൊക്കമാണ് ഇടത് കര മെയിന്‍ കനാലിന്റെ ആദ്യത്തെ അഞ്ച് കിലോ മീറ്റര്‍ ഭാഗത്ത് വിവിധ ഭാഗങ്ങളില്‍ ബണ്ട് തകരാനിടയായത്. തുമ്പൂര്‍മുഴി ഡാം മുതല്‍ കട്ടിങ് വരെയുള്ള വിവിധ ഭാഗങ്ങളില്‍ ബണ്ട് തകര്‍ന്ന് ഒലിച്ചു പോയി.
പദ്ധതി ആരംഭിച്ച കാലം മുതല്‍ കാലവര്‍ഷം കഴിഞ്ഞാല്‍ സെപ്തംബര്‍ അവസാനവാരത്തില്‍ കനാലിലൂടെ വെള്ളം തിരിച്ചു വിട്ടുകൊണ്ടിരിക്കുന്നതാണ്. പ്രളയത്തിലെ തകര്‍ച്ചമൂലം കനാലിലൂടെ വെള്ളം ഒഴുകാത്ത അവസ്ഥയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ബണ്ട് പുനര്‍നിര്‍മ്മാണം നടത്തിയാല്‍ മാത്രമേ കനാലിലൂടെ വെള്ളം തിരിക്കാനാകൂ. ജില്ലയിലെ മൂക്കന്നൂര്‍, കറുകുറ്റി, തുറവൂര്‍, അയ്യംമ്പുഴ, മഞ്ഞപ്ര, കാലടി, പാറക്കടവ്, തൃശൂര്‍ ജില്ലയിലെ മേലൂര്‍, കൊരട്ടി, അന്നമനട പഞ്ചായത്തുകളില്‍ ജലസേചനം നടത്തുന്നത് ഇടത് കര മെയിന്‍ കനാലിലൂടെയാണ്. കനാലിന്റെ തകര്‍ച്ചയില്‍ മുപ്പതിനായിരത്തിലേറെ കുടുംബങ്ങള്‍ ആശങ്കയിലാണ്. മഴ മാറിയതോടെ താബോര്‍, കോക്കുന്ന്, പറമ്പയം, ദേവഗിരി, ആനപ്പാറ, വാതക്കാട് പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയിലായി. കുടിവെള്ള കിണറുകള്‍ വറ്റിത്തുടങ്ങി.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ടി.എം.വര്‍ഗീസ് പ്രമേയം അവതരിപ്പിച്ചു. സിജു ഈരാളി പിന്താങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വൈ വര്‍ഗ്ഗീസ്, ഷാജു വി.തെക്കേക്കര, ചെറിയാന്‍ തോമസ്, എം.പി ലോനപ്പന്‍, ജയാ രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.പി ജോര്‍ജ്ജ്, കെ.പി അയ്യപ്പന്‍, ഗ്രേസ്സി റാഫേല്‍, അംഗങ്ങളായ ഷേര്‍ളി ജോസ്, എ.എ സന്തോഷ്, എല്‍സി വര്‍ഗീസ്, റെന്നി ജോസ്, വനജ സദാനന്ദന്‍, അല്‍ഫോണ്‍സ പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."