ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍
കൊച്ചി: ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യും. കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ അഭിമുഖ്യത്തില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയ എട്ട് കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കായികരംഗത്ത് നിര്‍ലോഭമായ പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 2020 ഒളിംപിക്‌സില്‍ കേരളത്തിന് മെഡലുകള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരികയാണ്. ഓപ്പറേഷന്‍ ഒളിംപ്യ എന്ന പേരില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കി വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും ഫുട്ബാള്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവരെ പരിശീലിപ്പിക്കുന്നതിന് 26 പേരടങ്ങുന്ന ടീം രൂപീകരിക്കും. ഇതിനാവശ്യമായ ചെലവ് സ്‌പോര്‍ട്ട്‌സ് വകുപ്പ് വഹിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാള്‍ മത്സരവും തിരുവനന്തപുരത്ത് ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
2018 ഏഷ്യന്‍ ഗെയിംസില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ്, 1500 മീറ്ററില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ പി.യു. ചിത്ര, 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ജോണ്‍, 4ഃ400 മീറ്ററില്‍ സ്വര്‍ണം നേടിയ വി.കെ വിസ്മയ, ലോംഗ് ജംപില്‍ വെള്ളിമെഡല്‍ നേടിയ നീന വരക്കില്‍, 400 മീറ്റര്‍ റിലേ, 4ഃ400 മീറ്റര്‍ റിലേ, 4ഃ400 മിക്‌സഡ് എന്നിവയില്‍ വെള്ളി മെഡല്‍ നേടിയ മുഹമ്മദ് അനസ് യഹിയ, 4ഃ400 റിലേയില്‍ വെള്ളി നേടിയ കുഞ്ഞു മുഹമ്മദ്, 4ഃ400 മീറ്റര്‍ റിലേയില്‍ വെളളി മെഡല്‍ നേടിയ ജിതിന്‍ ബേബി എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്ക് റീജീയണല്‍ സ്‌പോര്‍ട്ട് സെന്ററില്‍ ഹോണററി അംഗത്വവും ലഭിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ആര്‍എസ്‌സി സെക്രട്ടറി എസ്.എ.എസ് നവാസ് ,സിറ്റി പൊലിസ് കമ്മീഷണര്‍ എം.പി. ദിനേശ്, സ്‌പോര്‍ട്്‌സ് കൗണ്‍സില്‍ പ്രസ്ഡന്റ് സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ആര്‍എസ്‌സി വൈസ് പ്രസിഡന്റ് ഡോ. വി.വി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."