മരവ്യവസായികള്‍ക്ക് അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണം: സോപ്മ
കൊച്ചി: സാമ്പത്തിക മേഖലയുടെ നട്ടെല്ലായ മരവ്യവസായ മേഖലയ്ക്ക് പ്രളയത്തെത്തുടര്‍ന്ന് വന്‍നാശനഷ്ടങ്ങളാണ് നേരിട്ടതെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തിര സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും സോമില്‍ ഓണോഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ (സോപ്മ) ആവശ്യപ്പെട്ടു. കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂര്‍ നഗരസഭ, വെങ്ങോല, വാഴക്കുളം, ഒക്കല്‍ പഞ്ചായത്തുകളിലായി അറുപത് പ്ലൈവുഡ് സ്ഥാപനങ്ങളിലും പതിനഞ്ച് സോമില്‍ വിനീര്‍ യൂണിറ്റുകളിലുമായി നൂറു കോടിയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.
ആയിരക്കണക്കിന് തൊഴിലാളികള്‍ നേരിട്ടും ലക്ഷകണക്കിന് പേര്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ നല്‍കിയ മരവ്യവസായം വിവിധ കാരണങ്ങളാല്‍ ഏറെ പ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തില്‍ തന്നെയാണ് പ്രളയം വ്യവസായത്തെ പാടെ മുക്കിയത്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് വ്യവസായത്തിന് ആവശ്യമായ തടികള്‍ വന്നിരുന്നത്. പ്രളയം താറുമാറാക്കിയ ഈ പ്രദേശങ്ങളിലെ റോഡുകള്‍ മോശമായതിനാല്‍ നിലവില്‍ തടിയുടെ വരവും നിലച്ചിരിക്കുകയാണ്. നികുതിയിനത്തില്‍ മാത്രമായി ലക്ഷണകണക്കിന് തുക സര്‍ക്കാര്‍ ഖജനാവിലേക്ക് സംഭാവന ചെയ്യുന്ന മരവ്യവസായത്തിന്റെ തിരിച്ചുവരവിനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സോപ്മ സംസ്ഥാന പ്രസിഡന്റ് എം. എം. മുജീബുറഹ്മാന്‍, ജന. സെക്രട്ടറി അസീസ് പാണ്ടിയാര്‍പിളളി, ട്രഷറര്‍ ബാബു സെയ്താലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."