ജില്ലാ ആസ്ഥാന മേഖലയെ ചണ്ഡീഗഡ് മോഡലില്‍ പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി
ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനേത്തുടര്‍ന്ന് ജലപ്രവാഹം തൂത്തെറിഞ്ഞ ജില്ലാ ആസ്ഥാന നഗരമായ ചെറുതോണിയെ പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി.
ചണ്ഡീഗഡ് മോഡലില്‍ ജില്ലാ വികസന അതോറിറ്റി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികളുമായി സമന്വയിപ്പിച്ചാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍. എല്ലാം തിരിച്ചുപിടിക്കാന്‍ മാത്രമല്ല, പുതിയതിനെ പടുത്തുയര്‍ത്താന്‍ കൂടി കഴിയുമെന്ന പടപുറപ്പാടിലാണ് സര്‍ക്കാരും ഒപ്പം ജനങ്ങളുടെ കൂട്ടായ്മയും. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ ആസ്ഥാന ടൗണ്‍ഷിപ്പിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ടൗണ്‍ പ്ലാനിങ് ഓഫീസറെ ചുമതലപ്പെടുത്തി.
തകര്‍ന്നുപോയ ബസ് സ്റ്റാന്‍ഡ്, കമ്പോളം, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവ എവിടെ നിര്‍മിക്കണം, പുതിയ പാലത്തിന്റെ അലൈന്‍മെന്റ്, ടാക്‌സി സ്റ്റാന്‍ഡ്, നദീതീര സംരക്ഷണം, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയെല്ലാം കൃത്യതയോടെ സ്ഥല നിര്‍ണയം നടത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുന്നത്. ഇക്കാര്യത്തില്‍ അഭിപ്രായ രൂപീകരണത്തിനായി കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ് പങ്കെടുത്ത് വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയെ കെട്ടിലും മട്ടിലും സമുദ്ധരിക്കാന്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
ചെറുതോണി ടൗണിന്റെ കണ്ണും കരളും കവര്‍ന്നെടുത്താണ് കാലവര്‍ഷം കലിയടക്കിയത്. ചെറുതോണിക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല ഇത്. 26 വര്‍ഷം മുമ്പ് അണക്കെട്ട് തുറന്നുവിട്ടപ്പോള്‍ ഉണ്ടായ സാഹചര്യത്തിന്റെ ആവര്‍ത്തനം മാത്രമായിരിക്കും ഇത്തവണയും ഉണ്ടാകുക എന്ന ചിന്തകളില്‍ ഉറച്ചുനിന്നിരുന്ന ജനതയ്ക്കുമേലാണ് ആകസ്മികമായ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടായത്. സര്‍ക്കാരും ജില്ലാ ഭരണകൂടവും വൈദ്യുതിവകുപ്പും സ്വീകരിച്ച ശക്തമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നഷ്ടങ്ങളുടെയും വേദനകളുടെയും അളവ് കുറച്ചുവെങ്കിലും ഇപ്പോഴും ആധി അടങ്ങിയിട്ടില്ല. ഒരു പുരുഷായുസ്സ് മുഴുവന്‍ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ തുണ്ടുഭൂമിയും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഒലിച്ചുപോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട വ്യാപാര സമൂഹത്തെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്. പൈനാവില്‍ വിദ്യാഭ്യാസ സോണും കുയിലിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് സോണും പാറേമാവില്‍ മെഡിക്കല്‍ സിറ്റിയും ചെറുതോണിയില്‍ ബിസിനസ് സിറ്റിയും ഇടുക്കിയില്‍ സ്‌പോര്‍ട്‌സ് സിറ്റിയും ഉള്‍പ്പെടുന്ന ചണ്ഢിഗഡ് മോഡലില്‍ നേരത്തെ അസൂത്രണം ചെയ്ത പദ്ധതികളുമായി സമന്വയിപ്പിച്ചാണ് പുതിയ മാസ്റ്റര്‍ പ്ലാനിലുള്ളത്.
ഇടുക്കിയുടെ പുനര്‍നിര്‍മാണം വേഗതയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എങ്കിലും താല്‍ക്കാലിക സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നാണ് പൊതുസമൂഹം ഒന്നാകെ ആഗ്രഹിക്കുന്നത്. ഗതാഗത സംവിധാനം പൂര്‍ണമായും ക്രമീകരിക്കപ്പെടണം. ഓരോ ഇനത്തിലുള്ള വാഹനങ്ങളും എവിടെ പാര്‍ക്ക് ചെയ്യണമെന്ന അറിയിപ്പും നിര്‍ദ്ദേശവും ഇല്ലാത്തത് അപകടത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് സമയമെടുക്കും എന്നതിനാല്‍ താല്‍ക്കാലികമായി ബസ് പാര്‍ക്കിങ് സൗകര്യം ഉണ്ടാകണം.
ഓട്ടോറിക്ഷകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും പ്രത്യേക സ്ഥലം നിര്‍ണയിക്കണമെന്നും ആവശ്യം ശക്തമായി. സ്ഥലപരിമിതി ഉണ്ടെങ്കിലും ക്രമീകരണം ഏര്‍പ്പെടുത്തിയാല്‍ നിലവിലെ സാഹചര്യത്തെ മാറ്റാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. ഇടിഞ്ഞുപോയതും തകര്‍ന്നതുമായ റോഡിന്റെ ഇരുഭാഗങ്ങളും മണ്ണിട്ട് നികത്തി വാഹനം ഇടുന്നതിന് തീരുമാനമുണ്ടാകണം.
പുഴയോരത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലാത്തതുകൊണ്ട് ജനകീയ മാര്‍ഗത്തിലൂടെ ചെറിയ പാര്‍ക്കിങ് സൗകര്യം ഉറപ്പുവരുത്തിയാല്‍ അത് ചെറുതോണിക്ക് വലിയ കുതിപ്പേകും. ചെറുതോണി പാലത്തിന്റെ നവീകരണവും ബലപ്പെടുത്തലും ഉടന്‍ ഉണ്ടാകുമെന്ന് ദേശീയപാത വിഭാഗം അറിയിച്ചിട്ടുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."