അംഗീകാരം നഷ്ടപ്പെടുന്നു പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ ഉപരോധ സമരം തുടങ്ങി
തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാംപസില്‍ നിയമ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല ഉപരോധ സമരം ആരംഭിച്ചു. സെന്ററിന്റെ അംഗീകാരം നഷ്ടപ്പെടുന്നതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകള്‍ സംയുക്തമായി ഉപരോധ സമരത്തിന് ഇറങ്ങിയത്. എ.ബി.വി.പി സര്‍വകലാശാല ആസ്ഥാനത്ത് നിരാഹാര സമരവും ആരംഭിച്ചു. രാവിലെ പത്തോടെ വിദ്യാര്‍ഥികള്‍ സെന്ററിലെ കവാടം ഉപരോധിച്ചു. സെന്ററിലെ ജീവനക്കാരെ അകത്തു കടക്കാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളും പൊലിസും തമ്മില്‍ ഏറെ നേരം വാക്കേറ്റവും മല്‍പിടുത്തവുമുണ്ടായി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. വി.പി അബ്ദുല്‍ റഷീദ്, എസ് രാഹുല്‍, യൂനിയന്‍ ചെയര്‍മാന്‍ സ്വരാജ്, എം.കെ ഹസ്സന്‍, സുജില്‍, വിഷ്ണു, അമല്‍, അബ്ദുള്‍ വാഹിദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. കെ.എസ്.യുവും എസ്.എഫ്.ഐയും നേരത്തെ ഇവിടെയുള്ള നിയമ പഠനത്തിന് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം റദ്ദാവുന്നതിനെതിരെ വിവിധ സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് ഇരു സംഘടനകളും യോജിച്ച് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്. എ.ബി.വി.പി സംസ്ഥാന കണ്‍വീനറും ലീഗല്‍ സ്റ്റഡീസ് സെന്ററിലെ അവസാന വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിയുമായ രണ്‍ജുവിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം നടക്കുന്നത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ ഉച്ചയോടെ വിട്ടയച്ചു. ഇന്നുമുതല്‍ പാലയാട് ക്യാംപസിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു സമര സമിതി നേതാക്കള്‍ പറഞ്ഞു. ലീഗല്‍ സ്റ്റഡീസ് സെന്ററിലെ നിയമ പഠന കോഴ്‌സിന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം അംഗീകാരം നല്‍കേണ്ടതില്ലെന്ന് ബാര്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."