പരിസ്ഥിതി ദിനത്തില്‍ സൗജന്യ വൃക്ഷത്തൈ വിതരണമില്ല
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ ഇത്തവണ സൗജന്യ വൃക്ഷത്തൈ വിതരണമില്ലെന്ന് വനംവകുപ്പ്. ഒന്നിന് 17 രൂപ നല്‍കണമെന്നാണ് വനംവകുപ്പ് ഇറക്കിയ ഉത്തരവിലുള്ളത്. പരിസ്ഥിതി ദിനത്തില്‍ സാധാരണയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യാറുണ്ടായിരുന്നു. സൗജന്യമായി ഇത്തവണ ഒരുകോടി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് വനം മന്ത്രി കെ. രാജു നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് വിതരണം ചെയ്യാറുള്ള വൃക്ഷത്തൈകളുടെ വില കുത്തനെ കൂട്ടിയിട്ടുമുണ്ട്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി വൃക്ഷത്തൈ നടണമെന്ന് പാര്‍ട്ടി അനുയായികളോട് സി.പി.എം നിര്‍ദേശിച്ചതിനു പിന്നാലെയാണ് സി.പി.ഐ ഭരിക്കുന്ന വനം വകുപ്പ് വൃക്ഷത്തൈയുടെ വില കൂട്ടിയത്. കഴിഞ്ഞവര്‍ഷം രണ്ട് രൂപയ്ക്ക് നല്‍കിയിരുന്ന തൈകള്‍ക്കാണ് ഇത്തവണ 17 രൂപ ഈടാക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്താകമാനം 75 ലക്ഷം വൃക്ഷത്തൈകളാണ് ഇത്തവണ നട്ടുപിടിപ്പിക്കുന്നത്. പ്ലാവ്, മാവ്, പേര, സീതപ്പഴം, ഞാവല്‍ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് കൂടുതലായി നടുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് തൈവിതരണം നടത്തിയിരുന്നത്. ഇത്തവണ അധികബാധ്യത താങ്ങാനാവില്ലെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."