പ്രമുഖര്‍ ഈദ് ആശംസകള്‍ നേര്‍ന്നു
കോഴിക്കോട്: ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
ഗവര്‍ണര്‍, മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവര്‍ണര്‍ പി. സദാശിവവും, മുഖ്യമന്ത്രി പിണറായി വിജയനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വ്ര്‍ ആശംസകള്‍ നേര്‍ന്നു. ദാനശീലത്തിന്റെയും അനുകമ്പയുടെയും ആത്മനിയന്ത്രണത്തിന്റെയും അതുല്യസന്ദേശത്തിലൂടെ ഈദുല്‍ ഫിത്വ്ര്‍ ലോകത്ത് സ്‌നേഹത്തിന്റെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും പ്രകാശം പരത്തട്ടെയെന്ന് ഗവര്‍ണര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍, മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഈ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും റമദാനും ഈദുല്‍ ഫിത്വ്‌റും പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
പി.കെ.പി അബ്ദുസലാം
മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍
ചേളാരി: ആരാധനകളാല്‍ ചിട്ടപ്പെടുത്തുകയാണ് ആഘോഷങ്ങളുടെ ആത്മീയതയെന്നു സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. മതത്തിന്റെ മൂല്യങ്ങളെ ഉള്‍ക്കൊണ്ട് മുന്നേറുകയും കുടുംബ, സാഹോദര്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യാന്‍ പെരുന്നാള്‍ സുദിനം ഉപയോഗപ്പെടുത്തണമെന്നും ഇരുവരും പറഞ്ഞു.
സി.കെ.എം സ്വാദിഖ്
മുസ്‌ലിയാര്‍,
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി
ചേളാരി: സ്ഫുടം ചെയ്‌തെടുത്ത ആത്മാവിന്റെ ഉറവിടങ്ങള്‍ക്കേ നന്‍മയുടെ വാഹകരാകാനാവൂവെന്നും ഈദുല്‍ഫിത്്വര്‍ ആഘോഷങ്ങള്‍ അതിനുള്ള പ്രേരണയാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാരും ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ആശംസിച്ചു. മാനുഷികത കൈമോശം വരാത്ത ജീവിതത്തെ ക്രമീകരിക്കണമെന്നും റമദാന്‍ സമ്മാനിച്ച ആത്മീയ നവോല്‍ക്കര്‍ഷമാണ് വിശ്വാസിയുടെ ജീവിതത്തുടര്‍ച്ചയെന്നും ഇരുവരും പറഞ്ഞു.
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി
കോഴിക്കോട്: പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും വ്രതവിശുദ്ധിയുടെ സുകൃത ജീവിതത്തിന്റെ തുടര്‍ച്ചയായി കടന്നുവന്ന സന്തോഷ നാളില്‍ നമുക്ക് സാധിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആശംസിച്ചു. വൈരവും വെറുപ്പും വിദ്വേഷവുമില്ലാത്ത തെളിഞ്ഞ മനസുകള്‍ രൂപപ്പെടുത്തണം. പാവപ്പെട്ടവരുടെ സഹായിയായി ചേര്‍ന്നുനില്‍ക്കണം. വര്‍ഗീയ വിധ്വംസനങ്ങളുടെ ദുര്‍ചിന്തകളുടെകാലത്ത് മതത്തിന്റെ അന്തസ്സത്ത ജീവിതത്തിലൂടെ കൈമാറ്റം ചെയ്യുകയാണ് പ്രതിരോധമെന്നും നന്‍മയുടെ ആള്‍രൂപമായി സ്വന്ത്വത്തെ മാറ്റിയെടുക്കാനുള്ള ഉള്‍പ്രേരണ പെരുന്നാളാഘോഷത്തിലൂടെ നാം നേടിയെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
കൊല്ലം: റമദാന്‍ വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തുടര്‍ന്നുള്ള ജീവിതത്തിലും കാത്ത് സൂക്ഷിക്കണമെന്നും ആര്‍ഭാടങ്ങളിലും അനാവശ്യങ്ങളിലും മുഴുകി സ്വത്വം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ജീവിതവിശുദ്ധിയാര്‍ജിച്ച് പരസ്പര സ്‌നേഹത്തിലും സൗഹാര്‍ദത്തിലുമധിഷ്ഠിതമായ സാമൂഹ്യപുനര്‍നിര്‍മാണത്തിനുള്ള അഹ്വാനമാണ് ഈദുല്‍ ഫിത്‌റ് നല്‍കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം .ഐ അബ്ദുല്‍ അസീസ് പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
ദൈവത്തിന്റെ ഇച്ഛയ്ക്ക് പൂര്‍ണമായും വഴങ്ങാനുള്ള സന്നദ്ധതയാണ് ഒരുമാസം നീണ്ട റമദാന്‍ വ്രതത്തിലൂടെ വിശ്വാസി ആര്‍ജിക്കുന്നത്. സ്വന്തത്തേക്കാള്‍ കൂടുതലായി മറ്റുള്ളവരെയും നിരാലംബരും നിസ്സഹായരുമായവരെയും പരിഗണിക്കാനും ദേശീയവും വര്‍ഗീയവും വംശീയവുമായ വേര്‍ത്തിരിവുകള്‍ക്കതീതമായി മനുഷ്യനെ ഒന്നായി കാണാന്‍ ചെറിയപെരുന്നാള്‍ നിര്‍ദേശിക്കുന്നു.
വിസ്ഡം
കോഴിക്കോട്: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ എല്ലാവരും തയാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജന: സെക്രട്ടറി ടി.കെ അശ്‌റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. സഹനത്തിന്റെയും വിശുദ്ധിയുടെയും ദിനരാത്രങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒരു ഈദുല്‍ ഫിത്ര്‍ കൂടി ആഗതമായിരിക്കുന്നു. ഏവര്‍ക്കും ഹൃദ്യമായ ഈദാശംസകള്‍.
ഡോ. ഹുസൈന്‍ മടവൂര്‍
കോഴിക്കോട്: വിവിധ മതവിഭാഗങ്ങളില്‍ ദിനേ വളര്‍ന്നു വരുന്ന തീവ്രവാദ സമീപനത്തെ ചെറുക്കുകയെന്നത് എല്ലാ മതസമൂഹങ്ങളിലെയും ആളുകളും ഒന്നിച്ചു ചെയ്യേണ്ട കര്‍ത്തവ്യമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ശാന്തി, സമാധാനം എന്നിവക്ക് മുഖ്യ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു ജീവിത രീതിയെയായിരിക്കണം മുസ്‌ലിം ലോകം സമൂഹത്തിന് മുന്നില്‍ അനുവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ഈദ് സന്ദേശത്തില്‍ പറഞ്ഞു.
കെ.എന്‍.എം
കോഴിക്കോട്: വിവിധ മതവിഭാഗങ്ങളില്‍ ദിനേ വളര്‍ന്നു വരുന്ന തീവ്രവാദ സമീപനത്തെ ചെറുക്കുകയെന്നത് എല്ലാ മതസമൂഹങ്ങളിലെയും ആളുകളും ഒന്നിച്ചു ചെയ്യേണ്ട കര്‍ത്തവ്യമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ശാന്തി, സമാധാനം എന്നിവക്ക് മുഖ്യ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു ജീവിത രീതിയെയായിരിക്കണം മുസ്‌ലിം ലോകം സമൂഹത്തിന് മുന്നില്‍ അനുവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ഈദ് സന്ദേശത്തില്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ്
പെരുന്നാളാഘോഷം
പരിസ്ഥിതിയോടൊപ്പം
കോഴിക്കോട്: ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന പെരുന്നാളാഘോഷം മനസിലും മണ്ണിലും നന്മ നിറക്കുന്നതാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
വിമലീകരിക്കപ്പെട്ട മനസുമായി പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ പരസ്പര സ്‌നേഹവും മാനവിക സൗഹൃദവും പരിസ്ഥിതി സംരക്ഷണവുമെല്ലാം വീണ്ടെടുക്കുമെന്ന പ്രതിജ്ഞ പുതുക്കണം. നന്മയെ നിലനിര്‍ത്താനും തിന്മയെ അകറ്റാനുമുള്ള വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ഹൃദയ വിശുദ്ധി നിലനിര്‍ത്താന്‍ എല്ലാവരും സന്നദ്ധരാവണം.
പെരുന്നാള്‍ ദിവസത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ കുടുംബസമേതം അവരുടെ വീട്ടില്‍ വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മാസപ്പിറവിയുടെ പേരില്‍
വ്യാജ പ്രചാരണം:
സമസ്ത പരാതി നല്‍കി
കോഴിക്കോട്: തിങ്കളാഴ്ച ശവ്വാല്‍ പിറവി ദൃശ്യമായതായും ചൊവ്വാഴ്ച ചെറിയപെരുന്നാള്‍ ഉറപ്പിച്ചതായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരുടെ പേരില്‍ തെറ്റായ വാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ സമസ്ത പരാതി നല്‍കി.
സാമൂഹ്യമാധ്യമമായ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച വ്യക്തികളെ കണ്ടെത്തി അവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വകീരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കോഴിക്കോട് ജില്ലാ പൊലിസ് സൂപ്രണ്ടിനാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."