തൊഴിലാളി ക്യാംപുകളില്‍ ശുചിത്വം പാലിച്ചില്ലെങ്കില്‍ ഉടമക്കെതിരേ പ്രോസിക്യൂഷന്‍ നടപടി
പാലക്കാട് : ഇതരസംസ്ഥാന തൊഴിലാളികളുളള സ്ഥാപനങ്ങളോട് ബന്ധപ്പെട്ടുളള തൊഴിലാളി ക്യാമ്പുകളിലും പരിസരങ്ങളിലുമുളള ശുചിത്വവും രോഗപകര്‍ച്ച തടയുന്നതിനുളള മുന്‍കരുതലുകളും സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.
അല്ലാത്ത പക്ഷം സ്ഥാപന ഉടമക്കെതിരെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല തല പരിശോധന സ്‌ക്വാഡ് കണ്‍വീനര്‍ കൂടിയായ ജില്ല ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നുളള പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് എന്നിവരടങ്ങുന്ന ജില്ലാതല സ്‌ക്വാഡ് ഇത്തരം സ്ഥാപനങ്ങളും തൊഴിലാളി വാസസ്ഥലങ്ങളും കേന്ദ്രീകരിച്ച് ആഴ്ച്ചകള്‍തോറും ഊര്‍ജ്ജിത പരിശോധന നടത്തി വരികയാണ്.
ശുദ്ധമായ കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുളള സൗകര്യങ്ങള്‍ ഉള്‍പ്പെടെയുളള പശ്ചാത്തല സൗകര്യം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം.
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമപ്രകാരം കരാറുകാരുടെ കീഴില്‍ 8000-ത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 5000-ത്തോളം പേരും കഞ്ചിക്കോട് വ്യവസായ മേഖല കേന്ദ്രീകരിച്ചുളളതാണ്.
ഈ മേഖല കേന്ദ്രീകരിച്ചും ജില്ല വ്യാപകമായും സൗജന്യമരുന്ന് വിതരണവും രോഗനിര്‍ണ്ണ ക്ലാസ്സും ബോധവത്ക്കരണ ക്ലാസുമുള്‍പ്പെടെയുളള മെഡിക്കല്‍ ക്യാമ്പ് തൊഴില്‍ , ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ഉടന്‍ സജ്ജമാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."