ആദിവാസികളുടെ സ്വന്തം പൊലിസ് ഓഫിസര്‍ മലയിറങ്ങുന്നു
അഗളി: ആദിവാസി- പൊലിസ് ബന്ധത്തിന് പുതിയ നിര്‍വചനം സൃഷ്ടിച്ച് ഒരു വര്‍ഷത്തെ സേവനത്തിനു ശേഷം അഗളി ഡിവൈ.എസ്.പി പി വാഹിദ് അട്ടപ്പാടിയോട് വിട പറയുന്നു. മാവോയിസ്റ്റ് സാന്നിദ്ധ്യവും ആദിവാസികള്‍ക്കെതിരേയുള്ള ചൂഷണവും എന്നും വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വിളനിലമാകാറുള്ള അട്ടപ്പാടിയില്‍ പ്രത്യേക പരിശീലനം ലഭിച്ച, മാവോയിസ്റ്റ് വിരുദ്ധ സേനയുടെ പ്രത്യേക നായക ചുമതലയോടുകൂടി അട്ടപ്പാടിയിലെത്തിയ വാഹിദിന് മലയിറങ്ങുമ്പോള്‍ അഭിമാനിക്കാന്‍ വകയേറെയുണ്ട്.
ആദിവാസികളും പൊലിസും തമ്മിലുള്ള അകലം പ്രകടമായിരുന്ന അട്ടപ്പാടിയില്‍ ജനമൈത്രി പൊലിസ് സമ്പ്രദായത്തിലൂടെ ആദിവാസികളുമായി പൊലിസിന് നല്ലൊരു സൗഹൃദാന്തരീക്ഷമുണ്ടാക്കാന്‍ വാഹിദിന്റെ പരിശ്രമങ്ങളിലൂടെ സാധിച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണി ശക്തിമായിരുന്ന പശ്ചാത്തലത്തിലാണ് വാഹിദ് ഡിവൈ.എസ്.പിയായി അഗളിയിലെത്തുന്നത്. ഇതോടൊപ്പം മാവോയിസ്റ്റ് ഭീഷണി ചെറുക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സ്‌ക്വാഡിന്റെ സ്‌പെഷ്യല്‍ ഓഫിസറുമായിരുന്നു.
മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി സംഘത്തില്‍ ചേര്‍ത്ത മൂന്ന് ആദിവാസി യുവാക്കളെ കണ്ടെത്തുകയും അവരെ പിടികൂടി ശിക്ഷിക്കുന്നതിന് പകരം മാനസാന്തരപ്പെടുത്തി പൊലിസിന്റെ ഇന്‍ഫോര്‍മാര്‍മാരാക്കാനും വാഹിദിന്റെ നീക്കങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. വിദൂര ദിക്കുകളിലെ ആദിവാസി ഊരുകളില്‍ നിരന്തര ഇടപെടല്‍ നടത്തുകയും ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് അടുക്കാന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടാക്കി എന്നതും ഡിവൈ.എസ്.പിയുടെ നേട്ടാണ്. മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുന്ന വന്തവെട്ടി, വല്ലവെട്ടി, സാമ്പാര്‍ക്കോട് തുടങ്ങിയ ഊരുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും വൈദ്യുതി എത്തിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.
ഇതെല്ലാം തന്നെ പ്രദേശത്തെ പൊതുപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും സ്‌പോണ്‍സര്‍ഷിപ്പിലും സഹകരണത്തിലുമാണ് നടപ്പിലാക്കിയത്. ലക്ഷങ്ങള്‍ പാഴാക്കിയിട്ടും വെള്ളമെത്താത്ത ഊരുകളില്‍ കുറഞ്ഞ പണച്ചെലവില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിഭവ സമാഹരണവും പ്രദേശവാസികളുടെ കായികാദ്വാനവും ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയത്.
ചൂട്ടറ ഊരില്‍ ഒരു ലക്ഷത്തോളം രൂപ ചെലവില്‍ ടി.വിയും കിയോസ്‌കും നല്‍കിയതും ഇതേ മാതൃകയിലാണ്. ഇതിനുപുറമെ അട്ടപ്പാടിയിലെ ഊരുകളിലെ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പഠന ക്ലാസുകളും സഹവാസ ക്യാംപുകളും സംഘടിപ്പിച്ചതും ആദിവാസി പൊലിസ് ബന്ധത്തിന് ശക്തി പകര്‍ന്നു.
ഒരു വര്‍ഷം കൊണ്ട് ആദിവാസി സമൂഹത്തിന്റെ കണ്ണിലുണ്ണിയായി മാറാന്‍ വാഹിദിന് കഴിഞ്ഞുവെന്നതാണ് സത്യം. അട്ടപ്പാടിക്കാര്‍ക്ക് വാഹിദ് വെറുമൊരു പൊലിസ് ഓഫിസറല്ല. അഗളിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അതുക്കും മേലെ' ഒരാള്‍ എന്നതാണ് ശരി. ചാലക്കുടിയിലേക്കാണ് വാഹിദ് സ്ഥലം മാറിപ്പോകുന്നത്.
അടുത്തയാഴ്ച പുതിയ ഡി.വൈ.എസ്.പി ചാര്‍ജ്ജെടുക്കാനെത്തുന്നതോടെ ഡി.വൈ.എസ്.പി വാഹിദ് അട്ടപ്പാടിയോട് വിട പറയും. നേരത്തെ അഗളി എസ്.ഐ ആയിരുന്ന പി.കെ സുബ്രഹ്മണ്യനാണ് പുതിയ ഡിവൈ.എസ്.പിയായി അഗളിയില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."