കൊലപാതക രാഷ്ട്രീയം സി.പി.എം, ബി.ജെ.പി നേതാക്കളുടെ പിന്തുണയോടെ: പി.പി തങ്കച്ചന്‍
തിരുവനന്തപുരം: സി.പി.എം, ബി.ജെ.പി നേതാക്കളുടെ പ്രോത്സാഹനത്തോടെ സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയം അരങ്ങേറുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും തങ്കച്ചന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് ആശങ്കയ്ക്ക് ഇടവരുത്തിയെന്നും തങ്കച്ചന്‍ പറഞ്ഞു. നിയമോപദേഷ്ടാവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടും ജനങ്ങളുടെ ഇടയില്‍ സംശയത്തിന് ഇടയാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കേണ്ട എന്നു തീരുമാനിച്ചത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. ഉദ്യോഗസ്ഥ സ്ഥലംമാറ്റം രാഷ്ട്രീയ വിരോധം വച്ചാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് പറഞ്ഞിട്ട് കോടികളുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കുന്നത്. ഇതിന് പ്രധാന ഉദാഹരണമാണ് വി.എസ് അച്യുതാനന്ദനു വേണ്ടി പദവി സൃഷ്ടിക്കുന്നത്. സപ്ലൈകോയുടെ ഔട്ട്‌ലറ്റുകളില്‍ ഒരാഴ്ചയില്‍ അധികം നല്‍കാനുള്ള സാധനങ്ങളില്ല. ഗതാഗതവകുപ്പില്‍ മന്ത്രിയറിയാതെയാണ് തീരുമാനങ്ങള്‍ നടക്കുന്നത്. കൊല്ലത്തെ കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റുകള്‍ തിരുത്തി സര്‍ക്കാര്‍ മുന്നോട്ട് പോകണം. ജനാധിപത്യ സംവിധാനത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാന്‍ പാടില്ല. ക്രമസമാധാന തകര്‍ച്ചയിലേക്കു വഴിവെക്കുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.
സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ യു.ഡി.എഫ് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. ഓഗസ്റ്റ് നാലിന് സെക്രട്ടറിയേറ്റിനു മുന്നില്‍ എം.എല്‍.എമാര്‍ ധര്‍ണ നടത്തും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാകും ധര്‍ണ. ഓഗസ്റ്റ് നാലിന് യു.ഡി.എഫ് യോഗം വീണ്ടും ചേരും. ഭാവി സമര പരിപാടികള്‍ക്ക് അന്ന് തീരുമാനമെടുക്കുമെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."