പ്രളയ ഭീകരത സ്‌കൂള്‍ ചുമരില്‍ പകര്‍ത്തി കലാകാരന്‍മാര്‍
വണ്ടൂര്‍:പ്രളയ ദുരന്തത്തിന്റെ ഭീകരതയും ദുരിതത്തില്‍ നിന്നും കൈ പിടിച്ചുയര്‍ത്തിയ കാരുണ്യ കരങ്ങളുമെല്ലാം ചെറുകോട് കെ.എം.എ.യു.പി സ്‌കൂളിന്റെ ചുമരുകള്‍ക്ക് മിഴിവേകും. ദുരിത പെരുമഴയില്‍ സ്‌നേഹത്തിന്റെ കുട ചൂടിയ മാധ്യമങ്ങള്‍ക്ക് സ്‌നേഹാദരം എന്ന തലകെട്ടില്‍ പൂര്‍വ അധ്യാപക വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചിത്രം വരച്ചത്. പ്രളയ സമയത്ത് പത്രങ്ങള്‍ കണ്ട പ്രകൃതിയുടെ ദൃശ്യങ്ങള്‍ വര്‍ണങ്ങള്‍ നല്‍കി വരച്ചെടുത്തപ്പോള്‍ കാഴ്ചക്കാര്‍ക്കും കൗതുകമായി. പ്രളയം കൂടുതല്‍ രൂക്ഷമായ 18,19 തിയ്യതികളില്‍ പ്രമുഖ പത്രങ്ങളുടെ മുന്‍ പേജുകളില്‍ വന്ന പന്ത്രണ്ടോളം ചിത്രങ്ങളാണ് എട്ട് കലാകാരന്‍മാരുടെ നേതൃത്വത്തില്‍ വരച്ചത്.പ്രളയ സമയത്ത് മാധ്യമങ്ങള്‍ കാണിച്ച ജാഗ്രതക്കും കരുതലോടെയുള്ള ഇടപെടലിനും ആദരവ് പ്രകടിപ്പിച്ചായിരുന്നു ചിത്രങ്ങള്‍ വരച്ചത്.
കലാകാരന്മാരായ രാജു വിളംബരം, ഷൗകത്ത് വണ്ടൂര്‍, ഷാജു നന്നമ്പ്ര, വസീര്‍ മമ്പാട്, രവി കാളികാവ്, അജയ് പോരൂര്‍, സന്തോഷ്‌കുമാര്‍, പ്രജീഷ് ആലിക്കോട് എന്നിവര്‍ ചേര്‍ന്നാണ് ഏഴു മണിക്കൂര്‍ നീണ്ട വരക്കൂട്ട് നടത്തിയത്. സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. ഇ.അബ്ദുള്‍ റസാഖ്,കണ്‍വീനര്‍ കെ.റംലത്ത്, മലക്കല്‍ ഷൗകത്ത്,എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി,എം. മുജീബ് റഹ്മാന്‍,നാസര്‍ കുന്നുമ്മല്‍,മലക്കല്‍ സുബ്രഹ്മണ്യന്‍,കെ.പി പ്രസാദ്,സലീം തോട്ടുപുറം നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."