മാക്കേകടവ്-നേരെകടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലമെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
പൂച്ചാക്കല്‍: തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മ്മാണത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് മാക്കേക്കടവിലും നേരേകടവിലും സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. മാക്കേക്കടവില്‍ എട്ട് സര്‍വെ നമ്പറുകളിലായി 12.2.8 ആര്‍ സ്ഥലവും നേരേകടവില്‍ മൂന്നു സര്‍വെ നമ്പറുകളിലായി 8.725 ആര്‍ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്. 4.30 കോടി രൂപ സ്ഥലമെടുപ്പിന് നീക്കിയിട്ടുണ്ട്.
98.9 കോടി രൂപയാണ് പാലം നിര്‍മാണ ചെലവ്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനാണ് തീരുമാനം. സ്ഥലം ഏറ്റെടുക്കാന്‍ നെഗോഷ്യേറ്റഡ് പര്‍ച്ചേഴ്‌സിന് ആദ്യം അനുമതി നല്‍കിയെങ്കിലും അത് സാധിക്കാത്തതിനാലാണ് നിയമപ്രകാരം സ്ഥലം എടുക്കുന്നതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സ്ഥലം ഏറ്റെടുക്കല്‍ പ്രതിസന്ധിയിലായതിനാല്‍ പാലം നിര്‍മാണവും മന്ദഗതിയിലാണ്. ഉത്തരവിറങ്ങിയതോടെ കലക്ടറുടെ നേതൃത്വത്തില്‍ റവന്യു അധികൃതര്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്കു കടക്കും.
തൈക്കാട്ടുശേരി-തുറവൂര്‍ പാലം പൂര്‍ത്തിയായിട്ടു രണ്ടു വര്‍ഷത്തോളമായി. മാക്കേക്കടവ് -നേരേകടവ് പാലവും പൂര്‍ത്തിയായാലെ പദ്ധതി പൂര്‍ത്തിയാവുകയുള്ളു. പാലം നിര്‍മാണം നിലവില്‍ പ്രതിസന്ധിയിലാണ്. പാലം നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു കരാറുകാര്‍ക്കു നല്‍കാനാവാത്തതാണ് പ്രതിസന്ധിയ്ക്കു കാരണം.
2018 മാര്‍ച്ച് 31ന് മുന്‍പായി പാലം നിര്‍മാണം പൂര്‍ത്തികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണം ആരംഭിച്ചതെന്നും എന്നാല്‍ സ്ഥലം ലഭിക്കാന്‍ വൈകിയതിനാല്‍ പാലം നിര്‍മാണത്തെയും വൈകിപ്പിക്കുകയാണെന്നു കരാറുകാര്‍ പറയുന്നു. പാലം നിര്‍മാണത്തിന്റെ ഭാഗമായി കായലില്‍ പീയര്‍ ക്യാപ് വരെയുള്ള ഘട്ടം പൂര്‍ത്തിയായി. ഇനി ബീമുകള്‍ നിര്‍മിച്ചു ഘടിപ്പിക്കുകയും സ്ലാബ് വാര്‍ക്കുകയും ചെയ്യുന്നതോടെ പാലത്തിന്റെ പ്രധാന ജോലികള്‍ തീരും. കൈവരികള്‍, അപ്രോച്ച് റോഡ് തുടങ്ങിയവയാണ് മറ്റുള്ള ജോലികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."