നീര്‍മാതളപ്പൂ കൊഴിഞ്ഞ് ഒരു ദശാബ്ദം
കൃഷ്ണനെ പ്രണയിച്ച് ഒടുക്കം അല്ലാഹുവില്‍ വലയം പ്രാപിച്ച് മലയാളത്തിന്റെ മനസില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച കമല സുരയ്യ വിടവാങ്ങിയിട്ട് ഒരു ദശകം പിന്നിടുന്നു. പ്രണയം, വിരഹം, ദു:ഖം, ഏകാന്തത, സഹതാപം, സന്തോഷം, സാന്ത്വനം, ചതി തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളെയും തന്റെ കാല്‍പനിക സൃഷ്ടിക്കായി ഉപയോഗപ്പെടുത്തിയ അപൂര്‍വ പ്രതിഭയായിരുന്നു മലയാളികളുടെ ആമി. സ്ത്രീയുടെ ആന്തരികവും വൈകാരികവുമായ അനുഭവലോകത്തെ അവര്‍ പങ്കുവച്ചു. സ്‌നേഹം നുകര്‍ന്നും പകര്‍ന്നും മതിവരാത്ത അവാച്യമായ അനുഭൂതിയാണെന്നും, ആ ലോകം വിശാലമാണെന്നും നമ്മോട് പറഞ്ഞു കൊണ്ടേയിരുന്നു സുരയ്യ.
സാഹിത്യത്തിലും ജീവിതത്തിലും കമല വിവാദ നായികയായിരുന്നു. പലതും അവര്‍ക്കെതിരേ ബോധപൂര്‍വം സൃഷ്ടിച്ചവ. ചിലര്‍ക്ക് അതൊരു ഹരമായിരുന്നു. സാഹിത്യ സൃഷ്ടികളുടെയും കമലയുടെ ജീവിതത്തിന്റെയും എഴുതാപ്പുറങ്ങളില്‍ അഭിരമിച്ചവര്‍, വിടപറഞ്ഞ് ദശാബ്ദം കഴിഞ്ഞിട്ടും ആമിയെ വെറുതെവിടുന്നില്ല.
പത്താം വയസില്‍ തന്നെ കമല എഴുതിത്തുടങ്ങി. ജീവിതാനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത അക്ഷരചാര്‍ത്തുകള്‍ വായനക്കാരില്‍ അവാച്യമായ അനുഭൂതി തീര്‍ത്തു. മുപ്പത്തിയേഴാം വയസില്‍ 'എന്റെ കഥ' പുറത്തു വന്നതോടെ കമല മലയാളത്തിലെ പേരും പ്രശസ്തിയുമുള്ള എഴുത്തുകാരിയായി മാറിയിരുന്നു. മലയാളിയുടെ കപട സദാചാരബോധത്തെ വെല്ലുവിളിക്കുന്നതായിരുന്നു ആ കൃതി.
ക്രൂശിക്കപ്പെടുമ്പോഴും സ്‌നേഹത്തെക്കുറിച്ച്
സ്‌നേഹം കഥകളായും കവിതകളായും ആ ഹൃദയത്തില്‍ നിന്ന് രണ്ടു ഭാഷകളില്‍ നിര്‍ഗളിച്ചു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അതിയായ ദാഹം അവര്‍ ഭാവനയിലൂടെയും എഴുത്തിലൂടെയും കണ്ടെത്തുകയായിരുന്നു. ദി ഓള്‍ഡ് പ്ലേ ഹൗസ് ആന്റ് അദര്‍ പോയംസ് എന്ന ഇംഗ്ലിഷ് കവിതാസമാഹാരം പുറത്തുവരുമ്പോള്‍ കമലയ്ക്ക് നാല്‍പതു വയസ് തികഞ്ഞിരുന്നില്ല. മലയാളത്തില്‍ മറ്റൊരു എഴുത്തുകാരിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അപവാദങ്ങളും കുറ്റപ്പെടുത്തലുകളും അവര്‍ക്ക് നേരിടേണ്ടിവന്നു. അപ്പോഴും അഗാധമായ സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എഴുതിക്കൊണ്ട് അവര്‍ അതിനെയെല്ലാം അതിജീവിച്ചു. നീര്‍മാതളത്തിന്റെ സുഗന്ധവും നഷ്ടപ്പെട്ട നീലാംബരിയുടെ നോവും തണുത്തുറഞ്ഞ നെയ്പ്പായസത്തിലെ അമ്മയുടെ ഗന്ധവുമെല്ലാം മാധവിക്കുട്ടി മലയാളികള്‍ക്ക് പറഞ്ഞുതന്നുവെങ്കിലും അവരുടെ സ്വകാര്യ ജീവിതത്തെ ചുഴിയാനും വിവാദങ്ങളില്‍ അഭിരമിക്കാനും മാത്രമായിരുന്നു പലരും ശ്രമിച്ചത്. വിശ്വാസവും, മതവും, മതം മാറ്റവും തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ ചികയാതെ അതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ അവരെ വായിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ക്രൂശിക്കപ്പെടുമ്പോഴും സ്‌നേഹത്തില്‍ നിന്നുയിര്‍ക്കൊള്ളുന്ന ലോകത്തെക്കുറിച്ചു തന്നെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
നൊബേലിന്റെ പടിവാതില്‍ക്കല്‍
വി.എം നായരുടെയും നാലപ്പാട്ട് ബാലാമണി അമ്മയുടെയും പുത്രിയായി 1934 മാര്‍ച്ച് 31ന് പുന്നയൂര്‍കുളത്താണ് മാധവിക്കുട്ടി ജനിച്ചത്. ബാല്യകാല സ്മരണകള്‍, എന്റെ കഥ, മതിലുകള്‍, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് മലയാളത്തിലെ പ്രശസ്ത കൃതികള്‍.
സമ്മര്‍ ഇന്‍ കല്‍ക്കത്ത, ഓള്‍ഡ് പ്ലേ ഹൗസ്, ദി സൈറന്‍സ് എന്നിവയാണ് പ്രമുഖമായ ഇംഗ്ലീഷ് കൃതികള്‍. എന്റെ കഥ എന്ന കൃതി 15 വിദേശഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 1997ല്‍ നീര്‍മാതളം പൂത്ത കാലം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ്, 2002ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം, തണുപ്പ് എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഏഷ്യന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് എന്നിവ നേടി. 1984ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് കമലാദാസ് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
മാധവിക്കുട്ടിയില്‍ നിന്ന് സുരയ്യയിലേക്ക്
1999ല്‍ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാധവിക്കുട്ടി, കമല സുരയ്യയായത്. ഡിസംബര്‍ പതിനാറാം തിയ്യതി വീട്ടില്‍ ഏക ദൈവത്വത്തിന്റെ സത്യസാക്ഷ്യം അവര്‍ ഉച്ചരിച്ചു. സര്‍വവും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയായിരുന്നു അവര്‍. ഇസ്‌ലാമിലേക്കുള്ള മതംമാറ്റം കമലാ സുരയ്യക്ക് സമ്മാനിച്ചത് വിമര്‍ശനങ്ങളുടെ ശരശയ്യയായിരുന്നു. ഒരുകാലത്ത് തന്നെയും തന്റെ എഴുത്തിനെയും നെഞ്ചേറ്റിയ മലയാള സാഹിത്യ സമൂഹത്തില്‍ നിന്നു തന്നെ മതംമാറ്റത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തും അശ്ലീല വിശേഷണങ്ങള്‍ ചാര്‍ത്തിയും അവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. എന്നാല്‍, എല്ലാത്തിനെയും സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് അവര്‍ നേരിട്ടത്. കൃഷ്ണനെ പ്രണയിച്ചവള്‍ അല്ലാഹുവില്‍ അഭയം കണ്ടപ്പോള്‍ ആക്രമണത്തിനിരയായി. സ്‌നേഹം മാത്രം എഴുതിയ കഥാകാരിയുടെ ഹൃദയം അത്രമേല്‍ വേദനിച്ച ദിനങ്ങളായിരുന്നു അവ. കമലാദാസ് എന്ന പേരിലും മാധവിക്കുട്ടി എന്നപേരിലും എഴുതിയിരുന്ന മാധവിക്കുട്ടി കമല സുരയ്യ എന്നപേരില്‍ ഇസ്‌ലാം മതത്തിലേക്ക് ചേക്കേറിയപ്പോള്‍ മത തീവ്രവാദികള്‍ അവര്‍ക്കെതിരേ വാളോങ്ങി. അവരുടെ തലയ്ക്ക് ലക്ഷങ്ങള്‍ ഇനാം പ്രഖ്യാപിച്ചു. കമല സുരയ്യ ആയി മാറിയതോടെ അവര്‍ക്കുണ്ടായിരുന്ന എല്ലാ നല്ല വിശേഷണങ്ങളും അട്ടിമറിക്കപ്പെട്ടു.
കെട്ടുകഥകളുടെ ആക്രമണം
എഴുപതുകളുടെ മധ്യത്തില്‍ തന്നെ അമ്മ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നുവെന്ന് മകന്‍ എം.ഡി നാലപ്പാട്ട് വെളിപ്പെടുത്തിയിരുന്നു. അക്കാലം മുതല്‍ സ്ഥിരമായി ഖുര്‍ആന്‍ വായിക്കുമായിരുന്നു. എല്ലാ മനുഷ്യരേയും സമന്മാരായി കണ്ടിരുന്ന ഇസ്‌ലാമിന്റെ രീതിയാണ് അമ്മയെ ആകര്‍ഷിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ താന്‍ ഇസ്‌ലാമിലേക്ക് മാറുന്നുവെന്ന കാര്യം അമ്മ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പുറത്തറിഞ്ഞാല്‍ അച്ഛനും എനിക്കുമുണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് അവര്‍ അന്ന് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും എം.ഡി നാലപ്പാട്ട് പറഞ്ഞിരുന്നു. അമ്മയോടൊപ്പം 24 മണിക്കൂറും ഉണ്ടായിരുന്ന തനിക്ക് അറിയാവുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ആര്‍ക്കാണ് പറയാന്‍ പറ്റുകയെന്ന് ഈ പുത്രന്‍ ചോദിക്കുമ്പോഴും അവര്‍ക്കെതിരേ കഥകള്‍ മെനയുകയായിരുന്നു ചിലര്‍.
സ്വന്തം നാടും ഇവിടുത്തെ വായുവും അസഹ്യമായ അനുഭവങ്ങളായി മാറിയപ്പോള്‍ ഹൃദയ വേദനയോടെ അവര്‍ വീണ്ടും പറിച്ചു നടപ്പെട്ടു. വാര്‍ധക്യത്തില്‍ താങ്ങും തണലുമാവേണ്ട ജന്മനാട്ടില്‍ തന്നെ, ക്രൂശിക്കാനായ് വന്നവരോട് വിടപറഞ്ഞ് വീണ്ടും മലയാളത്തിന്റെ മാധവിക്കുട്ടി പലായനം ചെയ്തു. പണ്ട് കൊല്‍ക്കത്തയിലെ നഗരജീവിതത്തിനിടയിലും മനസുകൊണ്ട് കമല പുന്നയൂര്‍കുളത്തായിരുന്നു ജീവിച്ചത്. പിന്നീട് പൂനയിലായിരുന്നെങ്കിലും അവരുടെ ഹൃദയം ഈ നീര്‍മാതള ഭൂവിലായിരുന്നു. പുന്നയൂര്‍കുളത്തെ തന്റെ സ്വപ്നഭൂമി കേരള സാഹിത്യ അക്കാദമിയ്ക്ക് ഇഷ്ടദാനം നല്‍കി. കമല സുരയ്യയുടെ അവസാന കൃതിയും ഒരു പ്രണയകവിതയായിരുന്നു. അനശ്വരമായ ആ പ്രണയം 'യാ അല്ലാഹ്! എന്ന പേരില്‍ പുറത്തു വന്നു.
വാഗ്ദാന ലംഘനം ശീലിക്കാത്തവനേ!
പ്രണയത്തിന്റെ പരമോന്നത മുഖം
എനിക്ക് കാണിച്ച യജമാനാ!
നീയാകുന്ന സൂര്യന്റെ
കിരണങ്ങളേറ്റുവാങ്ങിയ
സൂര്യകാന്തിയായി മാറി ഞാന്‍
നിദ്രയിലും ജാഗ്രതയിലും
നിന്നെ ഞാനറിഞ്ഞു.
പ്രേമിച്ച് മരിച്ച ഭര്‍ത്താവെ!
പ്രേമിച്ച് വേറിട്ട കാമുകാ!
നിങ്ങള്‍ക്കറിയില്ല,
ഞാന്‍ സുരക്ഷിതയായെന്ന്,
ഞാനും സനാഥയായെന്ന്
പ്രാണനില്‍ അടുത്തപ്പോള്‍
എഴുപത്തിയഞ്ചാം വയസില്‍ പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ തന്റെ യഥാര്‍ഥ പ്രണയത്തിനുടമയായ ദൈവത്തിലേക്ക് വലയം പ്രാപിക്കുമ്പോഴും അവര്‍ വേട്ടയാടപ്പെട്ടു. നിറഞ്ഞു വിതറിയ വെളളപ്പൂക്കള്‍ക്കിടയില്‍ ഏതോ സ്വപ്നം കണ്ടുകിടക്കും പോലെ എനിക്കു മരിച്ചു കിടക്കണമെന്ന് മരണത്തെപ്പോലും കാല്‍പനിക സ്വപ്നമായി കണ്ട ആ വെള്ളി നക്ഷത്രം തിരുവനന്തപുരം ബീമാപള്ളിയിലെ വാകമരച്ചോട്ടില്‍ ഉറങ്ങാന്‍ കിടന്നിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. ജീവിതത്തില്‍ നമ്മളെ വിസ്മയിപ്പിച്ച കമല മരണത്തിലും വ്യത്യസ്തയായി. പാളയം ജുമാ മസ്ജിദ് ഖബറിസ്ഥാനിലെ സുരയ്യയുടെ ഖബറടക്കച്ചടങ്ങുപോലും ശ്രദ്ധേയമായിരുന്നു. പാളയം പള്ളിയിലെ ജനാസ നിസ്‌കാരത്തിന്റെ മുന്‍നിരയില്‍ ഇമാമിന് തൊട്ടു പിന്നിലായി ഇസ്‌ലാം മതവിശ്വാസികളോടൊപ്പം അമ്മയുടെ അരികില്‍ ആ രണ്ട് മക്കളും അണിനിരന്നു. ആ മക്കള്‍ അസാമാന്യമായ പക്വതയും ധീരതയുമാണ് പ്രകടിപ്പിച്ചത്. അമ്മയുടെ വിശ്വാസത്തിനും അഭിലാഷത്തിനും ഒപ്പമാണ് തങ്ങളെന്ന് അവര്‍ ഉറപ്പിച്ചു പറയുകയായിരുന്നു. പറയാന്‍ സ്‌നേഹത്തിന്റെ കഥകള്‍ ഇനിയുമൊരുപാട് അവശേഷിപ്പിച്ച് അവര്‍ കടന്നു പോയി. മൈലാഞ്ചിയണിഞ്ഞ നീണ്ട കൈവിരലുകള്‍ കോര്‍ത്തുവച്ച് ചുണ്ടിലൊരു പുഞ്ചിരിയുമായ് ഇഷ്ട്ടക്കാര്‍ക്കും അനിഷ്ടക്കാര്‍ക്കുമെല്ലാം സ്‌നേഹം വിളമ്പി മലയാളിയുടെ മനസില്‍ കുടിയിരിക്കയാണിപ്പോഴും ആമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."