ദുരിത ബാധിത മേഖലകള്‍ ഇന്നസെന്റ് എം.പി സന്ദര്‍ശിച്ചില്ലെന്ന് ആക്ഷേപം
മാള: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി ടി.വി ഇന്നസെന്റ് പ്രളയ ദുരന്ത ശേഷം ദുരിത ബാധിത മേഖലകളിലേക്ക് എത്തിയില്ലെന്ന ആക്ഷേപം വ്യാപകമാകുന്നു. എം.പിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷം വോട്ട് ചെയ്തവര്‍ക്ക് നന്ദി പറയാന്‍ മണ്ഡലത്തിലുടനീളം സഞ്ചരിച്ച എം.പിയെ പിന്നീട് കണ്ടിട്ടില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്ന് വന്നിരുന്നത്. ജനങ്ങളെ ഒന്നാകെ ദുരിതത്തിലാക്കിയ ദുരന്തത്തിന് ശേഷമെങ്കിലും എം.പി സന്ദര്‍ശനം നടത്തേണ്ടതായിരുന്നെന്നാണ് സി.പി.എമ്മുകാര്‍ പോലും അഭിപ്രായപ്പെടുന്നത്.
കുഴൂര്‍, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളാണ് കൂടുതലായി ദുരിതത്തിലായത്. ഇവിടങ്ങളിലെങ്കിലും എത്തേണ്ട എം.പി കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്നാണ് ആക്ഷേപം. മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോലും എം.പി പങ്കെടുക്കാറില്ല. എന്നാല്‍ കുടുംബ സംഗമങ്ങളിലും മറ്റും പങ്കെടുക്കുന്നുമുണ്ട്. വിദ്യഭ്യാസ വകുപ്പുമന്ത്രി സി. രവീന്ദ്രനാഥ് കുഴൂരിലേയും അന്നമനടയിലേയും ക്യാംപുകളിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. മന്ത്രി വി.എസ് സുനില്‍കുമാര്‍ മാളയിലും അന്നമനട വെണ്ണൂരുമെത്തിയിരുന്നു.
മന്ത്രി ടി.കെ രാമകൃഷ്ണന്‍ അന്നമനട വെണ്ണൂരിലെ ക്യാംപിലെത്തിയിരുന്നു. എ.ഡി ജി.പി ബി. സന്ധ്യ വെണ്ണൂര്‍ ക്യാംപിലെത്തിയിരുന്നു. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ദുരിതാശ്വാസ പ്രവര്‍ത്തന സമയത്തും തുടര്‍ന്നും സജീവമായി ഉണ്ടായിരുന്നെങ്കിലും പ്രളയാനന്തരം ചിലയിടങ്ങളില്‍ എത്തിയില്ലെന്ന ആക്ഷേപമുണ്ട്. പ്രളയം ഏറ്റവും ദുരിതം വിതച്ച കൊച്ചുകടവ്, കുണ്ടൂര്‍, തിരുത്ത, കൈനാട്ടുതറ, മേലാംതുരുത്ത് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ കാര്യമായി ആരുമെത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."