റഷ്യയുടെ എസ്-400ന് പൂട്ടിടാനൊരുങ്ങി യു.എസ്
എസ്-400 വാങ്ങാതിരുന്നാല്‍ ഇന്ത്യക്ക് എഫ്-35 നല്‍കാമെന്ന്
വാഷിങ്ടണ്‍: റഷ്യയുടെ വിമാനവേധ മിസൈല്‍ സംവിധാനമായ എസ്-400 വാങ്ങുന്നത് നിര്‍ത്തിവച്ചാല്‍ ഇന്ത്യക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കാമെന്ന് യു.എസ്. റഷ്യയുമായി 5.43 ബില്യണിന്റെ ഇടപാട് നടത്താന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഇന്ത്യ ഒപ്പുവച്ചത്. ഇത് ഭാവിയില്‍ മികച്ച സാങ്കേതികവിദ്യകള്‍ ഇന്ത്യക്കു കൈമാറുന്നതിനെ ബാധിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തുന്നുമുണ്ട്. തുര്‍ക്കിയും റഷ്യയും തമ്മിലുള്ള എസ്-400 ഇടപാട് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ് ഇന്ത്യ.
റഷ്യയുമായുള്ള ഇടപാടില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നതിനായി ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നിന്ന് ന്യൂഡല്‍ഹിയെ സംരക്ഷിക്കാനുതകുന്ന നാസാംസ്-2 നല്‍കാമെന്ന് യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കരയില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലാണിത്. ഇതിനു പുറമെ താഡ്, പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും ഇന്ത്യക്ക് നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിന് റഷ്യയുടെ എസ്-400നെക്കാള്‍ താരതമ്യേന വില കുറവാണെന്നാണ് അറിയുന്നത്.
തുര്‍ക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ കൈമാറില്ലെന്ന് യു.എസ്
അങ്കാറ: റഷ്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ വ്യൂഹം വാങ്ങുന്നതുമായി മുന്നോട്ടുപോവുകയാണെങ്കില്‍ തുര്‍ക്കിയുമായുള്ള എഫ്-35 യുദ്ധവിമാന ഇടപാട് റദ്ദാക്കുമെന്ന് അമേരിക്ക. അതോടൊപ്പം എഫ്-35 വിമാനം പറത്താന്‍ തുര്‍ക്കി പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതു ജൂലൈ 31ഓടെ നിര്‍ത്തുമെന്നറിയിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ഷാനഹാന്‍ തുര്‍ക്കിക്ക് കത്തയച്ചിട്ടുണ്ട്. എഫ്-35 ഇടപാടുമായി ബന്ധപ്പെട്ട തുര്‍ക്കിക്കാരെല്ലാം ജൂലൈയോടെ അമേരിക്ക വിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 35 പേരാണ് യു.എസില്‍ എഫ്-35 വിമാനം പറത്താന്‍ പരിശീലനം നേടുന്നത്.
റഷ്യയുമായുള്ള മിസൈല്‍ ഇടപാട് നാറ്റോയുമായുള്ള തുര്‍ക്കിയുടെ ബന്ധത്തെ ബാധിക്കുമെന്നും തുര്‍ക്കി സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നും റഷ്യയെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കുമെന്നും ഷാനഹാന്‍ മുന്നറിയിപ്പു നല്‍കി. ഒരേസമയം റഷ്യയില്‍ നിന്നും യു.എസില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത് നടക്കില്ലെന്നാണ് യു.എസ് വ്യക്തമാക്കുന്നത്.
അതേസമയം, തുര്‍ക്കിക്ക് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന് റഷ്യ പറയുന്നു. രണ്ടു മാസത്തിനകം അതു കൈമാറാനാവുമെന്നാണ് പ്രതീക്ഷ. തുര്‍ക്കി സൈനികര്‍ക്ക് ഇതു കൈകാര്യം ചെയ്യാനുള്ള പരിശീലനവും നല്‍കിയതായി റഷ്യന്‍ പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യു.എസിനെക്കാള്‍ മികച്ച ഓഫര്‍ നല്‍കിയതിനാലാണ് റഷ്യയുടെ മിസൈല്‍ പദ്ധതി വാങ്ങുന്നതെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രസ്താവിച്ചിരുന്നു.
അതേസമയം, തുര്‍ക്കി യു.എസിന്റെ എഫ്-35 ഇടപാടില്‍ നിന്നു പിന്നോട്ടുപോവുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."