വിദ്യാലയങ്ങള്‍ ഫാക്ടറികളല്ല
ബട്‌ലര്‍ എന്ന ആംഗലേയ ചിന്തകന്‍ വിദ്യാഭ്യാസത്തിനു നല്‍കിയ നിര്‍വചനം, കൊച്ചു കാട്ടാളനെ മനുഷ്യനാക്കി മാറ്റുന്ന പ്രകിയ എന്നാണ്. നമ്മുടെ നാട്ടിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കാട്ടാളന്‍മാരെ പോലും നാണിപ്പിക്കുന്നതാണ്. അവയവങ്ങള്‍ മോഷ്ടിക്കുന്ന ഡോക്ടര്‍മാരും കൈകൂലിക്കാരായ ഉദ്യോഗസ്ഥരും കണക്കില്‍ കൃത്രിമം കാണിക്കുന്ന എന്‍ജിനീയര്‍മാരും ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതുന്ന അധ്യാപകരും അറിവില്ലാത്തവരല്ല. തിരിച്ചറിവ് സ്വായത്തമാക്കാത്തവരാണ്. മൂല്യബോധം പകരേണ്ട സ്‌കൂളുകള്‍ യുദ്ധക്കളത്തിനു സമാനമായ അവസ്ഥയിലാണ്. സൗഹൃദത്തിനും സമാധാനത്തിനും ആക്കം കൂട്ടുന്ന ആല്‍ഫാകണങ്ങള്‍ക്ക് പകരം മടുപ്പുളവാക്കുന്ന ബീറ്റാ കണത്തിന്റെ അന്തരീക്ഷത്തിലാണ് വിദ്യാലയങ്ങളുള്ളത്. റാങ്കിന്റെയും ഗ്രേഡിന്റെയും പേരില്‍ വിദ്യാര്‍ഥികള്‍ പരസ്പരം ശത്രുക്കളായി മാറിയിരിക്കുകയാണ്. പരീക്ഷയില്‍ ജയിക്കുന്നതിനായി ഏത് കുതന്ത്രവും പയറ്റാന്‍ കുട്ടികള്‍ക്ക് ഇന്ന് ഒട്ടും മടിയില്ല.
അയല്‍കൂട്ട പ്രസ്ഥാനത്തിന്റെ ആചാര്യനും പ്രമുഖ ഗാന്ധിയനുമായ ഡി. പങ്കജാക്ഷക്കുറുപ്പ് പങ്കുവച്ച ഒരു സംഭവമുണ്ട്. മെഡിക്കല്‍ കോളജ് ലൈബ്രറിയില്‍ നിന്ന് റഫറന്‍സിനു മാത്രമുള്ള ഒരപൂര്‍വ ഗ്രന്ഥം ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ലൈബ്രേറിയനെ സ്വാധീനിച്ചു വീട്ടില്‍ കൊണ്ടുപോയി. പരീക്ഷ അടുത്തിട്ടും എത്ര ഓര്‍മിപ്പിച്ചിട്ടും അവന്‍ അതു തിരിച്ചേല്‍പ്പിച്ചില്ല. ഒരു ദിവസം ലൈബ്രേറിയന്‍ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി. അയാളുടെ മേശപ്പുറത്ത് ആ പുസ്തകം കണ്ടു. പക്ഷെ, അത്ഭുതം. ലൈബ്രറിയുടെ സീലോ നമ്പറോ എഴുത്തോ അതിലുണ്ടായിരുന്നില്ല. ലൈബ്രേറിയന്‍ ഇതെങ്ങനെ സംഭവിച്ചു എന്നാരാഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, ഇതു തനിക്കു പപ്പ കഴിഞ്ഞ വര്‍ഷം വിദേശത്ത് നിന്ന് കൊണ്ടുവന്നു തന്നതാണെന്ന്. ലൈബ്രറി പുസ്തകം അലമാരയ്ക്കകത്തുണ്ടെന്നും അവന്‍ പറഞ്ഞു. ലൈബ്രേറിയന്‍ വിദ്യാര്‍ഥിയോട് ചോദിച്ചു, ഇതേ പുസ്തകം തന്നെയല്ലേ മേശപ്പുറത്തുള്ളതെന്നും പിന്നെന്തിനാണ് അത് ലൈബ്രററിയില്‍ നിന്നെടുത്തതെന്നും.
പരീക്ഷയല്ലേ മാഷേ, ലൈബ്രറിയില്‍ നിന്ന് മറ്റൊരുത്തന്‍ ഈ പുസ്തകമെടുത്താല്‍ എന്റെ സാധ്യത ഇല്ലാതാവുമെന്നായിരുന്നു നിസ്സാരമട്ടില്‍ അവന്റെ ഉത്തരം. ധനസമ്പാദനത്തില്‍ കണ്ണും നട്ട് കുട്ടികളെ ഡോക്ടറും കലക്ടറും എന്‍ജിനീയറുമാക്കി മാറ്റാനുള്ള കിടമത്സരമാണ് ഇപ്പോള്‍ വിദ്യാലയങ്ങളിലും ഭവനങ്ങളിലും നടക്കുന്നത്. കേവലം പണസമ്പാദനമാണ് വിദ്യയുടെ ലക്ഷ്യമെങ്കില്‍ കോടീശ്വരന്‍മാരാരും തന്നെ തങ്ങളുടെ മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമായിരുന്നില്ല.
ശാസ്ത്ര സത്യങ്ങളും ചരിത്രബോധവും വിദ്യാര്‍ഥി മനസ്സില്‍ ജനിപ്പിക്കല്‍ മാത്രമല്ല വിദ്യാഭ്യാസം. സൗഹൃദം, പരസ്പര സഹായം, സഹാനുഭൂതി, സാമൂഹികനീതി, മതേതരത്വം, പൗരബോധം,രാഷ്ട്രീയബോധം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകരാന്‍ കൂടി വിദ്യാഭ്യാസത്തിനു കഴിയണം. മോഷണം, ചൂഷണം, കൊലപാതകം, ലഹരി ഉപയോഗം, ആത്മഹത്യ തുടങ്ങിയ അരുതായ്മകളെക്കുറിച്ചും പഠിപ്പിക്കണം. യന്ത്രങ്ങളുടെ ഭാഷ മാത്രമല്ല കാരുണ്യത്തിന്റെയും വിനയത്തിന്റെയും അച്ചടക്കത്തിന്റെയും ഭാഷകളും സ്‌കൂളില്‍ നിന്ന് കിട്ടണം.
നല്ല മനസ്സിന്റെ ഉടമകളാക്കിയെടുക്കാനുള്ള പരിശീലന കേന്ദ്രങ്ങളാണെന്ന ബോധം കുട്ടികളില്‍ രൂഢമൂലമാക്കാനും കഴിയണം. വിദ്യയുടെ കാല്‍ ഭാഗം ഗുരുവില്‍ നിന്നും കാല്‍ ഭാഗം സ്വന്തം ബുദ്ധിശക്തി കൊണ്ടും കാല്‍ ഭാഗം സഹപാഠികളില്‍ നിന്നുമാണ് ആര്‍ജിക്കാറുള്ളത്. ബാക്കിയുള്ള കാല്‍ ഭാഗം സേ പരീക്ഷയും റീ വാല്യുവേഷനും ഒന്നുമില്ലാത്ത സാമൂഹ്യജീവിതത്തില്‍ നിന്നുമാണ് കരഗതമാക്കേണ്ടത്.
ബാലകൗമാരങ്ങളില്‍ വിജയം മാത്രം ശീലിച്ചു വളര്‍ന്നവര്‍ ചെറിയ പരാജയം നേരിടുമ്പോഴേക്കും സാമൂഹ്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും കാലിടറുകയാണ്. അബ്രഹാം ലിങ്കണ്‍, ജോര്‍ജ് വാഷിങ്ടണ്‍, വില്യം ഷേക്‌സ്പിയര്‍, രവീന്ദ്രനാഥ് ടാഗോര്‍, എഡിസണ്‍, ഐന്‍സ്റ്റീന്‍, ഇന്ദിരാഗാന്ധി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയ മഹാരഥന്‍മാരില്‍ പലരും വിവിധ പരീക്ഷകളില്‍ തോറ്റവരും പല കാരണങ്ങളാല്‍ പാതി വഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നവരുമാണ്. ഇവരുടെയെല്ലാം ജീവചരിത്രം വിവിധ രാജ്യങ്ങളിലെ സ്‌കൂളുകളിലും കോളജുകളിലും പാഠ്യവിഷയങ്ങളാണ്.
പത്രം വിറ്റും കക്ക പെറുക്കിയും പഠിക്കാന്‍ പണം കണ്ടെത്തിയ മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍മാനുമായ എ.പി.ജെ അബ്ദുല്‍കലാം, സ്‌കൂളില്‍ പഠിക്കുന്ന സമയം ദാരിദ്ര്യം കാരണം സ്വന്തമായി ഷൂസു പോലുമില്ലാതിരുന്ന മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി, പാഠപുസ്തകത്തിലെ സംശയ ദൂരീകരണത്തിനായി തന്നെ സമീപിച്ച തിയ്യാടി പെണ്‍കുട്ടിയില്‍ നിന്ന് അക്ഷരം പഠിച്ച് കേരളത്തില്‍ നവോത്ഥാനത്തിന് തിരികൊളുത്തിയ വി.ടി ഭട്ടതിരിപ്പാട്. അങ്ങനെ ശൂന്യതയില്‍ നിന്ന് കൊട്ടാരം പണിത മഹാപ്രതിഭകളെ പരിചയപ്പെടുത്തി പരാജയങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നു പഠിപ്പിക്കേണ്ടവര്‍ തന്നെയാണ് പരീക്ഷയില്‍ തോറ്റതിന്റെയും മാര്‍ക്ക് കുറഞ്ഞതിന്റെയും പേരില്‍ വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്നത്.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന്റെ പേരില്‍ മണ്‍വെട്ടി കൊണ്ട് അച്ഛന്‍ കുട്ടിയെ തല്ലിയത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ്. രക്ഷിതാവിന്റെ മനസ്സിലെ ബി.എസ്‌സി കോഴ്‌സിന് വിദ്യാര്‍ഥി തല്‍പരനാവത്തതിനാല്‍ മാര്‍ക്ക് ലിസ്റ്റ് തടഞ്ഞുവച്ചതിന്റെ പേരില്‍ മകള്‍ അച്ഛനെതിരേ കേസ് കൊടുത്തത് തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ വേപ്പുംപെട്ടിയിലാണ്. രണ്ടു കേസുകളും ഈ വര്‍ഷത്തെ പത്താംതരം പ്ലസ് ടു പരീക്ഷാഫലത്തിനു ശേഷം ഉണ്ടായതാണ്. ഒരു കുട്ടിക്ക് അമ്മ ദിവസവും ടിഫിന്‍ ബോക്‌സില്‍ ആഹാരം കൊടുത്തയയ്ക്കും. ഒരു ദിവസം സ്‌കൂളില്‍ നിന്ന് വന്ന കുട്ടി പറഞ്ഞു, അമ്മേ വിശക്കുന്നു. അമ്മ കാര്യം തിരക്കി. തന്റെ ഒരു കൂട്ടുകാരന്‍ ഉച്ചയ്ക്ക് കഴിക്കാന്‍ ഒന്നും കൊണ്ടു വന്നില്ലെന്നും താന്‍ ഇഡ്ഡലി അവനു കൊടുത്തെന്നും കുട്ടി പറഞ്ഞു. അമ്മ സന്തോഷത്തോടെ നീ ചെയ്തതു നന്നായി മോനേ എന്നു പറഞ്ഞു. ആ മകനാണ് പില്‍ക്കാലത്ത് വിവേകാനന്ദനായി മാറിയത്. മക്കളുടെ ത്യാഗത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഓരോ ഭവനത്തിലുമുണ്ടാവണം.
വിദ്യാര്‍ഥിയുടെ രണ്ടാമത്തെ പാഠശാല വീടാണ്. മാതാപിതാക്കള്‍ അധ്യാപകരുമാണ്. ചെയ്യാന്‍ കല്‍പിക്കുന്നതിനപ്പുറം ചെയ്തു കാണിക്കുന്നവരായി മാറാന്‍ രക്ഷിതാക്കള്‍ക്കു കഴിയണം. നല്ല ഭക്ഷണവും വിലപിടിപ്പുള്ള വസ്ത്രവും പഠനോപകരണങ്ങളും വാങ്ങികൊടുക്കുന്നതിലൂടെ ഉത്തരവാദിത്തം നിറവേറ്റിയെന്ന മിഥ്യാധാരണയില്‍ കഴിയുന്നവരാണ് രക്ഷിതാക്കളില്‍ ഭൂരിപക്ഷവും. മക്കള്‍ക്കാവശ്യം ഭൗതിക വസ്തുക്കള്‍ക്കപ്പുറം മാതാപിതാക്കളുടെ മഹിത മാതൃകകളാണ്. ഒരു വിദ്യാര്‍ഥിയുടെ രണ്ടാമത്തെ വീടാണ് വിദ്യാലയം. അധ്യാപകര്‍ മാതാപിതാക്കള്‍ക്കു തുല്യരാണ്. തങ്ങളുടെ ക്ലാസ് മുറിയില്‍ വര്‍ഷങ്ങള്‍ ചിലവഴിച്ച വിദ്യാര്‍ഥികളുടെ അഭിരുചികള്‍ എന്തെന്ന് കണ്ടെത്താനും വഴികാട്ടിയാവാനും ഗുരുവര്യന്‍മാര്‍ക്കു കഴിയണം. അധ്യാപകരുടെ നോട്ടക്കുറവ് സമൂഹത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ഹിറ്റ്‌ലര്‍, മുസോളിനി, സ്റ്റാലിന്‍ എന്നിവരുടെയെല്ലാം കഴിവുകള്‍ തിരിച്ചറിയാന്‍ പഠിപ്പിച്ചവര്‍ക്ക് കഴിയാതെ പോയതിനാലാണ് അവരെല്ലാം നരാധമന്‍മാരായി മാറിയത്. ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും ടെക്‌നോക്രാറ്റുകളെയും ബ്യൂറോക്രാറ്റുകളെയും മാത്രം സൃഷ്ടിക്കുന്ന ഫാക്ടറികളാണ് വിദ്യാലയങ്ങളെന്ന തെറ്റിദ്ധാരണ തിരുത്താനും ആചാര്യര്‍ക്കു സാധിക്കണം.
വളയം പിടിക്കുന്നവരും കര്‍ഷകരും കൈത്തൊഴിലുകാരുമായ ശിഷ്യരിലും അവര്‍ അഭിമാനം കൊള്ളണം. ശിഷ്യഗണങ്ങള്‍ ക്വട്ടേഷന്‍ സംഘത്തില്‍ അകപ്പെടാത്തതില്‍ ഊറ്റം കൊള്ളാനും കഴിയണം. മികച്ച സ്‌കൂളുകളുടെ കണക്കെടുപ്പ് എ പ്ലസിന്റെ മികവ് മാത്രമായി ചുരുങ്ങാതിരിക്കാന്‍ ഭരണകൂടവും ശ്രദ്ധിക്കണം. കലാകായിക മേഖലയിലെ പ്രതിഭകളെയും ശാസ്ത്രകുതുകികളെയും കണ്ടെത്തി ആദരിക്കുന്ന ഇടങ്ങളായി വിദ്യാലയങ്ങള്‍ മാറണം.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."