വഴി പ്രശ്നത്തിന് പരിഹാരം; ഷെഡിലെ പഠനം കുരുന്നുകള്‍ക്ക് അവസാനിപ്പിക്കാം
പൂച്ചാക്കല്‍: അഞ്ചുവര്‍ഷമായി തുടരുന്ന വഴിപ്രശ്‌നം ഒത്തുതീര്‍പ്പായി. തകര്‍ന്നു വീഴാറായിരുന്ന അംഗന്‍വാടിയിലെ ഷെഡിലെ പഠനം കുരുന്നുകള്‍ക്ക് ഇനി അവസാനിപ്പിക്കാം. പഞ്ചായത്ത് ഫണ്ടും ജനപ്രതിനിധകളടക്കമുള്ള നാട്ടുകാരും ചേര്‍ന്ന് സ്വരൂപിച്ച പണവും ശ്രമദാനവും ഒക്കെയായാണ് പുതുതലമുറയ്ക്കുള്ള പഠനവഴി തെളിഞ്ഞത്. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഏഴാംവാര്‍ഡ് തവണക്കടവിലുള്ള അങ്കണവാടിയാണ് അഞ്ചുവര്‍ഷം മുന്‍പ് വഴിയില്ലാതായതിനെത്തുടര്‍ന്ന് മറ്റൊരു ഷെഡ്ഡിലേക്ക് മാറ്റേണ്ടിവന്നത്. വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി കേസ്സുകള്‍ ഉണ്ടായിരുന്നു. പുനരുദ്ധരിച്ച അങ്കണവാടി കെട്ടിടം ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രസീത വിനോദ്, തെക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം പി.ഡി.സബീഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മിനിമോള്‍ സുരേന്ദ്രന്‍, പി.ആര്‍.ഹരിക്കുട്ടന്‍, എം.വി.മണിക്കുട്ടന്‍, ഏലിക്കുട്ടി ജോണ്‍, ഡി.വൈ.എഫ്.ഐ. നേതാവ് സി.ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."