ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം
ലണ്ടന്‍: ഓവലിലെ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി. നിലവിലെ ചാംപ്യന്മാരായ ആസ്‌ത്രേലിയയെ 36 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിലപ്പെട്ട രണ്ട് പോയിന്റ് സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരു പോലെ തിളങ്ങിയ ഇന്ത്യ ഓസീസിനെതിരേ ഓള്‍റൗണ്ട് വിജയം നേടുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 50 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ഓസീസിനെ ഭുവിയാണ് തകര്‍ത്തത്.
39ാം ഓവറില്‍ സ്മിത്തിനേയും സ്‌റ്റോയിന്‍സിനേയും പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 41ാം ഓവറില്‍ മാക്‌സ് വെല്ലും പുറത്തായതോടെ ഓസീസിന് ആറു വിക്കറ്റ് നഷ്ടമായി. ഓസീസിനായി സ്മിത്ത് (69) വാര്‍ണര്‍ (56), അലക്‌സ് കാരി (55) എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി. ഉസ്മാന്‍ ഖവാജ 42 റണ്‍സ് അടിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അടിച്ചുതകര്‍ക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ അവിസ്മരണീയ തുടക്കം ലഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി. സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റേയും അര്‍ധ സെഞ്ചുറി കണ്ടെത്തിയ വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തിയത്. വമ്പനടികളുമായി ഹര്‍ദിക് പാണ്ഡ്യയും എം.എസ് ധോണിയും കെ.എല്‍ രാഹുലും ഇവര്‍ക്ക് പിന്തുണ നല്‍കി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ ഗംഭീരമായിരുന്നു. പതിവിന് വിപരീതമായി ഓപ്പണിങ് വിക്കറ്റില്‍ ധവാനും രോഹിതും ചേര്‍ന്ന് 127 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 70 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി കോള്‍ട്ടര്‍ നൈലാണ് ഈ കൂട്ടുകെട്ട് പെളിച്ചത്. എന്നാല്‍ പിന്നീട് കോഹ്‌ലിയെ കൂട്ടുപിടിച്ചായിരുന്നു ധവാന്റെ മുന്നേറ്റം. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സ് അടിച്ചു. സെഞ്ചുറിക്ക് പിന്നാലെ ധവാന്‍ പുറത്തായി. ധവാന്‍ പുറത്താകുമ്പോള്‍ 109 പന്തില്‍ 117 റണ്‍സ് നേടിയിരുന്നു. 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഈ ഇന്നിങ്‌സ്. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയും കോഹ്‌ലിയും ചേര്‍ന്ന് സ്‌കോറിങ് വേഗത കൂട്ടി. ഇരുവരും മൂന്നാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ പന്തില്‍ തന്നെ പുറത്താകേണ്ടിയിരുന്ന ഹര്‍ദികിനെ ഭാഗ്യം തുണച്ചതോടെ പിന്നീട് അടിയുടെ പൂരമായിരുന്നു. 27 പന്തില്‍ നാല് ഫോറും മൂന്നു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്.പിന്നീട് ക്രീസിലെത്തിയ എം.എസ് ധോണി അവസാന ഓവറുകളില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചെങ്കിലും പെട്ടെന്ന് മടങ്ങി. 14 പന്തില്‍ 27 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. അവസാന ഓവറിലെ അഞ്ചാം പന്തില്‍ കോഹ്‌ലിയും ക്രീസ് വിട്ടു. 77 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം ഇന്ത്യന്‍ ക്യാപ്റ്റന്‍ 82 റണ്‍സ് അടിച്ചിരുന്നു. രണ്ട് വിക്കറ്റ് നേടിയ മാര്‍കസ് സ്റ്റോയ്‌നിസാണ് ഓസീസ് ബൗളിങ്ങില്‍ തിളങ്ങിയത്. പാറ്റ് കുമ്മിന്‍സ്, സ്റ്റാര്‍ക്, നഥാന്‍കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആസ്‌ത്രേലിയക്കെതിരേ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോറാണ് ഇന്നലെ ഇന്ത്യ നേടിയത്. ഇതോടൊപ്പം ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ.
രോഹിതിന് റെക്കോര്‍ഡ്
ആസ്‌ത്രേലിയക്കെതിരേ 57 റണ്‍സ് നേടിയ രോഹിത് ഒരു പുതിയ റെക്കോര്‍ഡിട്ടു. ഏകദിനത്തില്‍ ഒരു ടീമിനെതിരേ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരിലേക്ക് എഴുതിച്ചേര്‍ത്തത്. ആസ്‌ത്രേലിയക്കെതിരേ 37 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ശര്‍മ 2000 റണ്‍സില്‍ എത്തിയത്.ഇതുവരെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ഈ റെക്കോര്‍ഡിനുടമ. ആസ്‌ത്രേലിയക്കെതിരേ തന്നെ സച്ചിന്‍ 40 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു 2000 റണ്‍സ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."