ബസിന് പിന്നില്‍ സ്കൂട്ടറിടിച്ച് ഒന്‍പത് വയസുകാരി മരിച്ചു
കഴക്കൂട്ടം: ഇന്‍ഫോസിസിന് സമീപം എസ്.എന്‍ നഗറില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിന് പിന്നില്‍ നിയന്ത്രണംവിട്ട സ്കൂട്ടറിടിച്ച് സ്കൂട്ടറില്‍ യാത്രചെയ്തിരുന്ന ഒന്‍പത് വയസുകാരിയായ വിദ്യാര്‍ഥിനി മരിച്ചു. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയിലെ സജീര്‍ - നസിഖ ദമ്പതികളുടെ മകള്‍ ആസിയ ആണ് മരിച്ചത്. സ്കൂട്ടറില്‍ ഒപ്പം യാത്രചെയ്തിരുന്ന ബന്ധുക്കളായ അബ്ദുല്‍വാഹീദ് (51 ), മുഹമ്മദ് നാഫി (21 ) ആസിയയുടെ അനുജന് അഹ്ഫാന്‍ (രണ്ടര ) എന്നിവര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.45ന് കുളത്തൂര്‍ എസ്.എന്‍ നഗറിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് അപകടം.
കിഴക്കേകോട്ടയില്‍നിന്ന് വന്ന ബസിന്റെ പിറകില്‍, അതേ ദിശയില്‍ വന്ന സ്കൂട്ടര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആസിയയയുടെ ജീവന് രക്ഷിക്കാനായില്ല.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ആസിയ. വിഴിഞ്ഞത്തെ വീട്ടില്‍നിന്ന് സ്കൂട്ടറില്‍ നാലുപേരും പെരുമാതുറയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."