കായികമന്ത്രി ഇ.പി ജയരാജന്റെ ശ്രദ്ധയ്ക്ക്; സാജന്‍ കേരളത്തിനായി നീന്തും; അമ്മയുടെ 'തണലില്‍'
തിരുവനന്തപുരം: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖയായതോടെ സാജന്‍ പ്രകാശ് കേരളത്തിനായി വീണ്ടും നീന്താനെത്തുന്നത് അമ്മയുടെ തണലില്‍. പിരപ്പന്‍കോട് രാജ്യാന്തര അക്വാട്ടിക് കോംപ്ലക്‌സില്‍ 19ന് തുടങ്ങുന്ന ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഒളിംപ്യന്‍ സാജന്‍ പ്രകാശ് തലസ്ഥാനത്ത് എത്തി. ദേശീയ ഗെയിംസിലെ മെഡല്‍ വേട്ടയ്ക്ക് ശേഷം ആദ്യമായാണ് സാജന്‍ കേരളത്തില്‍ ഒരു മത്സരത്തിനിറങ്ങുന്നത്.
ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലും മികച്ച പോരാട്ടം കാഴ്ചവച്ച സാജന്‍ നിരവധി രാജ്യാന്തര മത്സരങ്ങളിലെ മെഡല്‍ നേട്ടവുമായാണ് കേരളത്തിലേക്ക് വീണ്ടും എത്തുന്നത്. മികച്ച പരിശീലന സൗകര്യവും സഹായവാഗ്ദാനങ്ങളും നല്‍കിയാണ് സാജനെ റെയില്‍വേയില്‍ നിന്ന് സര്‍ക്കാര്‍ കേരളത്തിലേക്ക് കൊണ്ടു വന്നത്.
റെയില്‍വേ താരമായിരിക്കേയാണ് കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിനായി സുവര്‍ണ നേട്ടങ്ങള്‍ സമ്മാനിച്ചത്. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന്റെ ഭാഗമായി സാജന് കേരള ആംഡ് പൊലിസില്‍ ഇന്‍സ്‌പെക്ടറായി നിയമനം നല്‍കി.
സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് റെയില്‍വേയിലെ ജോലി കളഞ്ഞ് കേരളത്തിലെത്തിയ സാജന് പൊലിസില്‍ നിന്ന് 21 മാസമായിട്ടും ശമ്പളം ലഭിക്കുന്നില്ല. ശമ്പള ഫയല്‍ ആഭ്യന്തര വകുപ്പിന്റെ ചുവപ്പു നാടയില്‍ കുരുങ്ങി ഫ്രീസറിലാണ്. ശമ്പളം ലഭിക്കാനായി സാജനും അമ്മയും മുന്‍ ഇന്ത്യന്‍ അത്‌ലറ്റുമായ ഷാന്റിമോളും പലതവണ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ആഭ്യന്ത വകുപ്പിലും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഏഷ്യന്‍ ഗെയിംസിന് ശേഷം ദുബൈയില്‍ പരിശീലനം നടത്തിയാണ് സാജന്‍ ദേശീയ ചാംപ്യന്‍ഷിപ്പിനായി തിരുവനന്തപുരത്ത് എത്തിയത്. വെള്ളിയാഴ്ച രാത്രി തലസ്ഥാനത്ത് വിമാനമിറങ്ങിയ സാജന്‍ പരിശീലകന്‍ പ്രദീപ്കുമാറിന്റെ വീട്ടിലാണ് താമസിച്ചത്. സാജന് ഇതുവരെ താമസവും ഭക്ഷണവും ഉള്‍പ്പെടെ സൗകര്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന നീന്തല്‍ അസോസിയേഷന്‍ തയാറായിട്ടില്ല.
18ന് മാത്രമേ ഇതുസംബന്ധിച്ച എന്തെങ്കിലും തീരുമാനം ഉണ്ടാകു. സാജന്‍ കേരളത്തിലേക്ക് വരുമ്പോള്‍ നിരവധി വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. പരിശീലനത്തിന് അവധിയും മികച്ച സൗകര്യങ്ങളും സാമ്പത്തിക സഹായവുമൊക്കെ വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു. തായ്‌ലന്റിലും ദുബൈയിലും മലേഷ്യയിലുമായി വിദേശപരിശീലനം നടത്തുന്ന സാജന് ഇതുവരെ സാമ്പത്തിക സഹായങ്ങളൊന്നും കേരളം നല്‍കിയിട്ടില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കായിക മന്ത്രിയായിരിക്കേ ഒളിംപിക്‌സിനുള്ള തയാറെടുപ്പിനായി പത്ത് ലക്ഷം അനുവദിച്ചത് മാത്രമാണ് ഏക ആശ്വാസം.
ഇതിന്റെ ബില്ലുകള്‍ യഥാസമയം സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ബില്ലുകള്‍ കിട്ടിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഒരു കായിക വികസന പദ്ധതിയിലും സാജന്‍ ഉള്‍പ്പെട്ടിട്ടില്ല. ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ഓപ്പറേഷന്‍ ഒളിംപ്യയിലും സാജന്‍ പുറത്താണ്. കഴിഞ്ഞ ഭോപ്പാല്‍ ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടു ദേശീയ റെക്കോര്‍ഡ് ഉള്‍പ്പെടെ അഞ്ച് സ്വര്‍ണ മെഡലുകളാണ് സാജന്‍ കേരളത്തിന് സമ്മാനിച്ചത്. തായ്‌ലന്റിലും ദുബൈയിലും പരിശീലനം നടത്തിയിരുന്ന സാജന്‍ സ്വന്തം പണം മുടക്കിയാണ് അന്ന് ഭോപ്പാലില്‍ എത്തിയത്.
താമസ ഭക്ഷണ സൗകര്യങ്ങളൊന്നും അന്നും കേരളം നല്‍കിയില്ല. 1.50 ലക്ഷത്തിലേറെയാണ് അന്ന് സാജന് ചെലവായത്. ഒന്‍പത് ദിവസം ഭോപ്പാലില്‍ താമസിക്കേണ്ടി വന്ന സാജന് കേരളം അന്ന് നല്‍കിയതാവട്ടെ 430 രൂപയാണ്. ഇത്തവണ താമസ സൗകര്യം നല്‍കാന്‍ തയാറായിട്ടുണ്ട്. ദുബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സാജന്‍ വന്നത് അമ്മ എടുത്തു കൊടുത്ത വിമാന ടിക്കറ്റുമായാണ്. ദേശീയ ചാംപ്യന്‍ഷിപ്പിന് പിന്നാലെ സാജന്‍ മടങ്ങുന്നതും പരിശീലനത്തിനായി വിദേശത്തേക്കാണ്. മടക്ക ടിക്കറ്റിനുള്ള പണവും അമ്മ തന്നെ കണ്ടെത്തണം. നെയ്‌വേലി ലിഗ്നറ്റ് കോര്‍പ്പറേഷനില്‍ എച്ച്.ആര്‍ മാനേജരായ ഷാന്റിമോള്‍ ബാങ്ക് വായ്പയും പലിശയ്ക്ക് കടമെടുത്തുമാണ് സാജന്റെ പരിശീലനത്തിനും ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനും പണം കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."