ഇല്ലാത്ത കാറിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിച്ചു; 'നിങ്ങള്‍ തിരുവനന്തപുരത്ത് പോയി അന്വേഷിക്കൂ...'
മുക്കം: 'നിങ്ങള്‍ ആഡംബര കാറിന്റെ ഉടമയാണ്' ക്ഷേമപെന്‍ഷന്‍ ലഭിക്കാതായതോടെ ആയിഷുമ്മ പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടിയാണിത്. 'സ്വന്തമായി ഒരു സൈക്കിള്‍ പോലും ഇല്ലാത്ത തനിക്ക് കാറോ?', എങ്കില്‍ നിങ്ങള്‍ തിരുവനന്തപുരത്ത് പോയി അന്വേഷിക്കൂ...'
ആയിഷുമ്മയുടെ ചോദ്യങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയ മറുപടിയാണിത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി കണ്ടങ്ങല്‍ സ്വദേശിനി 70 വയസുകാരി ആയിഷുമ്മ സര്‍ക്കാര്‍ കണക്കില്‍ മാരുതി വാഗണ്‍ആര്‍ ഉടമയാണ്. ഇക്കാരണം പറഞ്ഞ് വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന വാര്‍ധക്യകാല പെന്‍ഷനും തടഞ്ഞുവച്ചു. സര്‍ക്കാരിന്റെ പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിഷുമ്മ ഇതോടെ പ്രയാസത്തിലായിരിക്കുകയാണ്. മറ്റു വരുമാനമൊന്നുമില്ലാത്ത ഈ വയോധികയെ കാറുടമയാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ശ്വാസംമുട്ടലും ശരീരവേദനയുമടക്കം ഒട്ടനവധി അസുഖങ്ങള്‍ ബാധിച്ച് പ്രയാസപ്പെടുന്ന ആയിഷുമ്മക്കാണ് അനര്‍ഹമെന്ന് വിധിയെഴുതി തുച്ഛമായ പെന്‍ഷന്‍ പോലും നിഷേധിച്ചത്. ഏതു നിമിഷവും തകര്‍ന്ന് വീഴാറായ പൂര്‍ണമായും മണ്‍കട്ടയില്‍ നിര്‍മിച്ച വീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഇവര്‍ക്ക് സഹായകമാകേണ്ട പഞ്ചായത്തധികൃതരാവട്ടെ തിരിഞ്ഞു നോക്കുന്നുമില്ല. തന്റെ രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചയച്ച ആയിഷുമ്മ ഒറ്റക്കാണ് വീട്ടില്‍ താമസം. സഹോദരന്റെ മക്കളാണ് ആശുപത്രിയിലും മറ്റും കൊണ്ടുപോകുന്നത്. പെന്‍ഷന്‍ നിഷേധിച്ചതിനാല്‍ പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും ഒടുവില്‍ മുക്കം പൊലിസ് സ്റ്റേഷനിലും പരാതിയുമായി പോയെങ്കിലും നിരാശയായിരുന്നു ഫലം.
ഒരു വേള പഞ്ചായത്ത് ഓഫിസില്‍ നിന്ന് നിങ്ങള്‍ തിരുവനന്തപുരത്ത് പോയി അന്വേഷിക്കൂ എന്നു വരെ പറഞ്ഞതായി ആയിഷുമ്മയുടെ സഹോദര പുത്രന്‍ അംജദ് പറഞ്ഞു. നേരത്തെ പഞ്ചായത്തില്‍ നിന്ന് വീട് റിപ്പയറിങ്ങിന് തുക അനുവദിച്ചിരുന്നെങ്കിലും അതും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
നേരത്തെ ഒരു സ്ഥാപനത്തില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതിന് പോയിരുന്നെങ്കിലും രോഗം അധികമായതോടെ അതും നിര്‍ത്തി. ഇപ്പോള്‍ ഏക ആശ്രയമായ പെന്‍ഷന്‍ കൂടി നിഷേധിക്കപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ നിസഹായതയോടെ കഴിയുകയാണ് ഈ വയോധിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."