ഗുരുവനം കുന്നു പിളര്‍ക്കുന്നതില്‍ കടുത്ത പ്രതിഷേധം
കാഞ്ഞങ്ങാട്: ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഗുരുവനം കുന്നിനെ നെടുകെ പിളര്‍ന്ന് റോഡ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങളില്‍ കടുത്ത പ്രതിഷേധം. സ്വാമി നിത്യാനന്ദ തപസുചെയ്ത ഗുരുവനം കുന്നിലെ നിത്യാനന്ദ ആശ്രമത്തിന് ഇത് ഭീഷണിയാകുമെന്നാണ് പരാതി.കാഞ്ഞങ്ങാട് നഗരസഭയേയും, മടിക്കൈ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിധത്തില്‍ എട്ടുകോടി രൂപ മുടക്കിയാണ് കുന്നു പിളര്‍ന്ന് പാത നിര്‍മിക്കാന്‍ നീക്കം തുടങ്ങിയത്. ജനവാസം ഇല്ലാത്ത ഇവിടെ പാതയുണ്ടാക്കുന്നത് ചില രാഷ്ട്രീയ നേതാക്കളുടെ സ്വാര്‍ത്ഥതയാണെന്നാണ് പ്രദേശ വാസികള്‍ ആരോപിക്കുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയുടെ പേരില്‍ 10 ഏക്കറും, മറ്റു ചില വ്യക്തികള്‍ക്കും ബിനാമികള്‍ക്കും ഭൂമിയുള്ളതായി രേഖകളില്‍ കാണുന്നതായി ഇവര്‍ പറയുന്നു. ശേഷിക്കുന്ന സ്ഥലങ്ങള്‍ റവന്യൂ ഭൂമിയാണ്. ഭരണ കക്ഷി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കണ്ണൂര്‍ ലോബിയാണ് നിലവില്‍ ആവശ്യമില്ലാത്ത പാത നിര്‍മാണത്തിന് വേണ്ടി പരിശ്രമിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.150 മീറ്ററിലധികം കുന്നിടിച്ച് സ്വാകാര്യ വ്യക്തി നേരത്തെ പാത ഉണ്ടാക്കിയതായും ഈ വഴിയാണ് മടിക്കൈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ഠ പാത നിര്‍മിക്കാനൊരുങ്ങുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. 1.900 കി.മീറ്റര്‍ പാതക്ക് 8 കോടി രൂപയുടെ ബജറ്റാണ് തയാറാക്കിയിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടിക്കൈ പഞ്ചായത്തിന്റെ ഭരണ സമിതിയില്‍ ഈ പാതയുടെ ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും അംഗങ്ങളില്‍ 15 പേരില്‍ 12 പേരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോള്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് തലസ്ഥാനത്ത് നിന്നാണ് നിയമ വ്യവസ്ഥയെ മറികടന്നു അനുമതി നേടിയതെന്നാണ് ജനങ്ങളുടെ ആരോപണം. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് മടിക്കൈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന അരയി, കാര്‍ത്തിക, അടുക്കത്തുപറമ്പ് പാത ചുരുങ്ങിയ ചിലവില്‍ നവീകരിക്കാമെന്നിരിക്കെ ഗുരുവനം കുന്നിനെ പിളര്‍ന്നുകൊണ്ട് പുതിയ പാതയുണ്ടാക്കുന്നത് രാഷ്ട്രീയ നേതാക്കള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടിയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഈ കുന്നിന്‍ മുകളില്‍ വരാനുണ്ടെന്നും അതിന് വേണ്ടിയാണ് പാത നിര്‍മിക്കുന്നതെന്നുമാണ് മറുപക്ഷം പറയുന്നത്. വികസനത്തിന്റെ മറവില്‍ വനപ്രദേശമായ കുന്നിടിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. സ്വാമി നിത്യാനന്ദ തപസുചെയ്ത ഗുഹയും പരിശുദ്ധമായ പാപനാശിനി ഗംഗയും സ്ഥിതി ചെയ്യുന്ന നിത്യാനന്ദ ആശ്രമം ഈ പാത നിര്‍മിക്കുന്നതിലൂടെ തകര്‍ച്ചാ ഭീഷണിയിലാകുമെന്നും തദ്ദേശവാസികള്‍ ഭയപ്പെടുന്നു.
വിദേശികളും ചരിത്ര വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി ആളുകളാണ് ഗുരുവനത്തേക്ക് പ്രതിദിനം സന്ദര്‍ശകരായി എത്തുന്നത്. പാത നിര്‍മാണവുമായി അധികൃതര്‍ മുന്നോട്ട് നീങ്ങുന്നതോടെ പ്രതിഷേധവുമായി നാട്ടുകാരും പ്രകൃതി സ്‌നേഹികളും രംഗത്തിറങ്ങി. നിര്‍മാണത്തിനെതിരെ ഗുരുവനത്തും പരിസരങ്ങളിലും വ്യാപകമായ പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."