സ്വര്‍ണം വാഗ്ദാനം നല്കി ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
കാഞ്ഞങ്ങാട്: സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം നല്കി ജ്വല്ലറികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ബളാല്‍ മഠത്തിപറമ്പ് സ്വദേശി ജോണിയെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റു ചെയ്തത്. കൊല്ലം കരുനാഗപ്പള്ളി പൊലിസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കരുനാഗപ്പള്ളിയിലെ സ്വര്‍ണ വ്യാപാരി നൗഷാദില്‍ നിന്ന് സ്വര്‍ണം വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്.
സംഭവത്തിനു ശേഷം കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഒളിവില്‍ കഴിയുകയായിരുന്ന ജോണിയെ പൊലിസ് പലഭാഗങ്ങളിലും അന്വേഷിച്ചു വരികയായിരുന്നു. ബംഗളൂരുവിലെ സ്വര്‍ണ വ്യാപാരി വെങ്കിടേശ്വര മൂര്‍ത്തിയില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബംഗളൂരു ഇന്ദിരാ നഗര്‍ പൊലിസ് സ്റ്റേഷനിലും കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്.
കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും സമാന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കേസുകളുള്ളതായി പൊലിസ് പറയുന്നു. കര്‍ണാടക പുത്തൂരിലെ ഹേമലത, പുത്തൂര്‍ സ്വദേശി ഹാരിസ്, കരുനാഗപ്പള്ളിയിലെ കുഞ്ഞുമോന് എന്ന നാസര്‍, മുസ്തഫ എന്നിവരും ജോണിയുടെ കൂട്ടുപ്രതികളാണ്. ഓരോ പ്രദേശത്തെയും ജ്വല്ലറികളില്‍ തട്ടിപ്പ് നടത്താന്‍ പ്രദേശവാസികളെയും ഒപ്പം കൂട്ടുകയായിരുന്നു ഇയാളുടെ പതിവ്.
കര്‍ണാടകയിലെ ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവരില്‍ ഹേമലതയെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പുത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഹേമലതക്ക് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട്ടെ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപത്ത് വച്ചാണ് ഇയാളെ ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്. പ്രതിയെ കരുനാഗപ്പള്ളി പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."