അഴിയാക്കുരുക്ക് പൊട്ടി; ഇറാഖ് പാര്‍ലമെന്റ് സ്പീക്കറെ തെരഞ്ഞെടുത്തു
ബഗ്ദാദ്: രാഷ്ട്രീയം അനിശ്ചിതത്വം നീക്കാന്‍ വഴിയൊരുങ്ങി ഇറാഖില്‍ പുതിയ പാര്‍ലമെന്റ് സ്പീക്കറെ തെരഞ്ഞെടുത്തു. ഇതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകളും തെളിഞ്ഞു.
മുഹമ്മദ് അല്‍ ഹല്‍ബൂസി എന്ന സുന്നി രാഷ്ട്രീയ നേതാവാണ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. അന്‍ബാര്‍ പ്രവിശ്യയുടെ മുന്‍ ഗവര്‍ണര്‍ കൂടിയായ ഇദ്ദേഹം 169 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രഹസ്യ വോട്ടെടുപ്പായിരുന്നു. 329 അംഗങ്ങളാണ് ഇറാഖീ പാര്‍ലമെന്റിലുള്ളത്.
37 കാരനായ മുഹമ്മദ് ഇറാഖ് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറാണ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതോടെയാണ് അനിശ്ചിതത്വമുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് സമവായം രൂപപ്പെട്ടതും സ്പീക്കര്‍, രണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതും.
കീഴ്‌വഴക്കമനുസരിച്ച്, സ്പീക്കര്‍ സ്ഥാനം സുന്നി വിഭാഗത്തിനും പ്രധാനമന്ത്രി സ്ഥാനം ശീഈ വിഭാഗത്തിനും പ്രസിഡന്റ് സ്ഥാനം കുര്‍ദുകള്‍ക്കുമാണ്.
മെയ് 12ന് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുണ്ടായി. ഇതോടെ വീണ്ടും വോട്ടെണ്ണല്‍ നടത്തി. ഓഗസ്റ്റിലാണ് ഇത് പൂര്‍ണമായത്. ശീഈ നേതാവ് മുഖ്തദ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള കക്ഷി 54 സീറ്റും ഇറാന്‍ അംഗീകൃത, ഹാജി അല്‍ അമേരി നയിക്കുന്ന ഫതഹ് സഖ്യം 48 സീറ്റുകളിലും മുന്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് 42 സീറ്റുമാണ് ലഭിച്ചത്.
165 എന്ന കേവലഭൂരിപക്ഷത്തിലെത്താന്‍ സഖ്യസര്‍ക്കാരിനു മാത്രമേ സാധിക്കുകയുള്ളൂ. ഇതാണ് അനിശ്ചിതത്വമുണ്ടാവാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."