ചിന്നക്കനാല്‍ ഭൂമി കൈയേറ്റം: ആറ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാലിലെ വിവാദ ഭൂമി കൈയേറ്റ വിഷയത്തില്‍ ആറ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
ദേവികുളം സബ് കലക്ടര്‍ അധ്യക്ഷയായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന ലാന്റ് റവന്യൂ കമ്മിഷനര്‍ യു.വി ജോസ് ആണ് ഇന്നലെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
രാജകുമാരി ഭൂമി പതിവ് കാര്യാലത്തിലെ മുന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ എസ്. ബാബു (നിലവില്‍ തരംതാഴ്ത്തലിന് വിധേയനായി തൃശൂര്‍ റവന്യൂ റക്കവറി തഹസില്‍ദാരുടെ കാര്യലയത്തില്‍ ജൂനിയര്‍ സൂപ്രണ്ട്), ഉടുമ്പന്‍ചോല മുന്‍ തഹസില്‍ദാര്‍ പി.എസ് ഭാനുകുമാര്‍ (നിലവില്‍ സ്‌പെഷല്‍ തഹസില്‍ദാര്‍, നെടുങ്കണ്ടം ഭൂമി പതിവ് കാര്യാലയം), ഉടുമ്പന്‍ചോല മുന്‍ തഹസില്‍ദാര്‍ പി.പി ജോയ് (നിലവില്‍ സീനിയര്‍ സൂപ്രണ്ട്, വയനാട് സുല്‍ത്താന്‍ ബത്തേരി സ്‌പെഷല്‍ ഡപ്യൂട്ടി കലക്ടറുടെ (എല്‍.എ) കാര്യാലയം), ഉടുമ്പന്‍ചോല താലൂക്ക് ഓഫിസ് മുന്‍ ക്ലര്‍ക്ക് ജോര്‍ജ് ജോസഫ് (നിലവില്‍ സീനിയര്‍ ക്ലര്‍ക്ക് കട്ടപ്പന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ്), രാജകുമാരി ഭൂമി പതിവ് കാര്യാലയം മുന്‍ ക്ലര്‍ക്ക് ബിജു ജോസഫ് (നിലവില്‍ കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍), ഉടുമ്പന്‍ചോല താലൂക്ക് ഓഫിസ് മുന്‍ ക്ലര്‍ക്ക് കെ. പ്രസാദ് കുമാര്‍ (നിലവില്‍ ചിന്നക്കനാല്‍ വില്ലേജില്‍ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍) എന്നിവര്‍ക്കെതിരേയാണ് അച്ചടക്ക നടപടി.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപ്പോത്തിയോസിസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ചിന്നക്കനാല്‍ വില്ലേജില്‍ 12.5 ഏക്കറോളം ഭൂമി വ്യാജ രേഖ ചമച്ച് കൈയേറിയതായി കണ്ടെത്തിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം കരം കെട്ടാന്‍ അനുമതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സംഭവം വിവാദമായതോടെ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജ രേഖ ചമച്ച് വ്യാപക തിരിമറിനടത്തിയതെന്ന് കണ്ടെത്തി.
11 പേര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തതെങ്കിലും മറ്റുള്ളവര്‍ വിരമിച്ചതിനാല്‍ അവര്‍ക്കെതിരേ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് നടപടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."