മാലിയില്‍ ഗോത്ര വിഭാഗത്തിന് നേരെ ആക്രമണം; 95 പേര് കൊല്ലപ്പെട്ടു; 19 പേരെ കാണാതായി
ബമാകോ: മാലിയില്‍ ഡോഗോണ്‍ ഗോത്ര വിഭാഗത്തിന് നേരെയുണ്ടായ സായുധ ധാരികളുടെ ആക്രമണത്തില്‍ 95 പേര് കൊല്ലപ്പെട്ടു.
19 പേരെ കാണാതായി. സെന്‍ട്രല്‍ മാലിയിലെ സാങ്കോ നഗരത്തില്‍ സോബാനെ-കോയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഭൂരിഭാഗം പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.
വീടുകളും മൃഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മാലിയില്‍ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ആക്രമണങ്ങളുണ്ടാവാറുണ്ട്. അര്‍ധ നാടോടികളായ ഫുലാന്‍, ഡഗോന് വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ പതിവാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഫുലാനി വിഭാഗക്കാരാണെന്ന് സമീപ പ്രദേശമായ ബങ്കാസ് മേയര്‍ മൗലായ ഗ്വയ്ന്തോ പറഞ്ഞു. പ്രദേശത്ത് നിന്ന് നിരവധിപേരെ കാണാതായെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി സെന്‍ട്രല്‍ മാലിയില്‍ ജീവിക്കുന്ന ഗോത്ര വിഭാഗമാണ് ഡോഗോണ്‍.
കാര്‍ഷികമാണ് ഇവരുടെ മുഖ്യ തൊഴില്‍. ഫുലാനി വിഭാഗം കന്നുകാലി വളര്‍ത്തുകാരും വ്യാപാരികളുമാണ്. ഒഗ്ഗാസാഗുവില് മാര്‍ച്ചിലുണ്ടായ കൂട്ടക്കുരുതിയില്‍ ഫുലാനി വിഭാഗത്തിലെ 160 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."