കേരളത്തില്‍ അഞ്ച് ദിവസം കനത്ത മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. 'വായു' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ പെയ്‌തേക്കാം.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്ത തീരത്തു തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഗുജറാത്ത്, കച്ച് മേഖലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്തമഴയും കാറ്റും നാശം വിതയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.
ഇന്ന് കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാം. ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയാവും. 13ന് മഹാരാഷ്ട്രാ തീരത്ത് 70 കിലോമീറ്റര്‍ വേഗത്തിലും കാറ്റുവീശിയേക്കാം.
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."