റോഡുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാവുന്നില്ലെന്ന് സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രാദേശികമായി ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടനകള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ നിയമപരമായി തടസം നില്‍ക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
പൊതുനിരത്ത് കൈവശംവച്ച എല്ലാവരും സ്വയം ഒഴിയണം. കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. റോഡുകളിലെ കൈയേറ്റങ്ങള്‍ ഉടന്‍ കണ്ടെത്തി അത് ഒഴിപ്പിക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് ഈ വര്‍ഷം അനുവദിച്ച 29 റോഡുകളുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ റോഡുകള്‍ക്കായി 397 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 39 റോഡുകള്‍ക്കായി 436 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. വയനാട്, പത്തനംതിട്ട, ഇടുക്കി, ജില്ലകളിലെ റോഡുകള്‍ക്ക് ഇത്തവണ അനുമതി ലഭിച്ചില്ല.
സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാകാത്ത മുഴുവന്‍ റോഡുകളുടെയും കണക്കെടുപ്പ് പൊതുമരാമത്ത് വകുപ്പ് നടത്തും. ദേശീയപാത നാലുവരിയാക്കുന്നതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തുടങ്ങുന്നതിന് സര്‍ക്കാര്‍ ശക്തമായി സമ്മര്‍ദം ചെലുത്തും.
ഓരോ മണ്ഡലത്തിലും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ നിയമിച്ച് റോഡുപണി നടക്കുമ്പോള്‍ തന്നെ അറ്റകുറ്റപ്പണികളെ സംബന്ധിച്ചുള്ള പരിശോധനകളും നടത്തും. ആലപ്പുഴ, കൊല്ലം ബൈപ്പാസ് അടുത്ത വര്‍ഷം ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും. റോഡ് മുറിക്കല്‍ ആവശ്യമാണെങ്കില്‍ ശാസ്ത്രീയമായ രീതിയിലുള്ള മുറിക്കല്‍ മാത്രമേ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.
റോഡുകളില്‍ തടിക്കച്ചവടം, കല്ലുകച്ചവടം എന്നിവയ്ക്ക് അനുമതി നല്‍കുന്ന ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കെതിരേ നടപടി എടുക്കും. കേന്ദ്രത്തോട് ആവശ്യപ്പെട്ട 200 റോഡുകളില്‍ 29 എണ്ണം മാത്രമാണ് ലഭിച്ചത്. ഇതില്‍ അഞ്ചു ശതമാനം റോഡുകളൊഴികെ ബാക്കിയെല്ലാം ഗ്രാമപ്രദേശങ്ങളിലാണ്. കെ.എസ്.ടി.പിയുടെ രണ്ടാം ഘട്ടത്തില്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളും ഓഗസ്റ്റിനകം പൂര്‍ത്തിയാക്കും. പുനലൂര്‍-പൊന്‍കുന്നം റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ടര വര്‍ഷം വേണ്ടിവരും. കെ.എസ്.ടി.പി രണ്ടാം ഘട്ട പദ്ധതിക്കായി ലോകബാങ്ക് വിഹിതമായി 375 കോടി രൂപ കിട്ടിയിട്ടുണ്ട്. ഈ തുക മുഴുവന്‍ വിനിയോഗിച്ചു.
കേരളത്തിലെ റോഡുകളില്‍ പ്രതിദിനം ഒന്നേകാല്‍ കോടി വാഹനങ്ങള്‍ ഓടുന്നുണ്ട്. 2016 ല്‍ 39,420 റോഡപകടങ്ങള്‍ ഉണ്ടായി. ഈ അപകടങ്ങളിലായി 4257 പേര്‍ മരിച്ചിട്ടുണ്ട്. പ്രതിദിനം 108 അപകടങ്ങളാണ് ഈ കാലയളവില്‍ നടന്നത്. ശരാശരി 12 പേര്‍ ഇക്കാലയളവില്‍ പ്രതിദിനം മരണപ്പെട്ടതായാണ് കണക്കുകള്‍. 44,108 പേര്‍ക്ക് പരുക്കുപറ്റി. ശരാശരി 121 പേര്‍ക്കാണ് പരുക്കേറ്റതെന്നും ജി. സുധാകരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."